Posted on: 01 Sep 2011
തീവ്രആശയമുള്ള എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മുസ് ലിം ലീഗിലേക്ക് നുഴഞ്ഞുകയറുന്നുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അതിന് ഒത്താശ ചെയ്യുന്നുണ്ടെന്നും എം.കെ. മുനീര്‍ പറഞ്ഞതായാണ് ചെന്നൈയിലെ യു.എസ് കോണ്‍സലേറ്റ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രഹസ്യ കേബിളില്‍ പറയുന്നത്.
തീവ്രവാദ സംഘടനയായ സിമിയുടെ മുന്‍നേതാക്കള്‍ നേതൃത്വം കൊടുക്കുന്ന എന്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ മുസ് ലിം ലീഗിലേക്ക് നുഴഞ്ഞുകയറുന്നതിനെ തടയാന്‍ 1999 ല്‍ ലീഗ് തീരുമാനിച്ചിരുന്നു. 'പാര്‍ട്ടിയുടെ ട്രഷററും മുന്‍ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി സ്വന്തം താല്‍പര്യത്തിനായി നുഴഞ്ഞുകയറ്റത്തെ സംരക്ഷിച്ചു' എന്ന് മുനീര്‍ പറഞ്ഞതായാണ് രേഖകളില്‍ വെളിപ്പെടുന്നത്.
അല്‍ഖായ്ദയുമായി ബന്ധമുണ്ടാകാന്‍ ഇടയില്ലെങ്കിലും ചെറിയ സ്‌ഫോടനങ്ങള്‍ നടത്താന്‍ മാത്രം ശക്തരാണ് എന്‍ഡിഎഫ് പ്രവര്‍ത്തകരെന്നും മുനീര്‍ പറഞ്ഞതായി എംബസി ഉദ്യോഗസ്ഥനായ ഹൂപ്പര്‍ തയ്യാറാക്കിയ രഹസ്യ കേബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
'സെന്‍സിറ്റീവ്' എന്ന തലക്കെട്ടോടുകൂടിയാണ് യു.എസ് ഉദ്യോഗസ്ഥര്‍ ഈ രേഖ തയ്യാറാക്കിയിരിക്കുന്നത്.
വിക്കിലീക്ക്‌സ് വാര്‍ത്ത മുനീര്‍ നിഷേധിച്ചു
കണ്ണൂര്‍: മുസ്‌ലിം ലീഗും എന്‍.ഡി.എഫും തമ്മില്‍ രഹസ്യ ബന്ധമുള്ളതായി വിക്കിലീക്‌സ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നതായി മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
'വിക്കിലീക്‌സ് പറഞ്ഞത് കൊണ്ട് അതാണ് ശരിയെന്ന് പറയാന്‍ പറ്റില്ല. എന്റെ കാര്യത്തില്‍ വിക്കിലീക്‌സ് പറഞ്ഞത് പൂര്‍ണമായും തെറ്റാണ്. മുസ്‌ലിം ലീഗില്‍ ഒരു ആഭ്യന്തര പ്രശ്‌നവും ഇല്ല. ഞങ്ങളുടെ പാര്‍ട്ടി കാര്യങ്ങള്‍ അമേരിക്കന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരോട് പറയേണ്ട ആവശ്യവുമില്ല. എന്‍.ഡി.എഫുമായുള്ള ബന്ധം പാടില്ലെന്ന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ രണ്ട് സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കിയതാണ്. രണ്ട് തരം മെമ്പര്‍ഷിപ്പ് ലീഗില്‍ പാടില്ലെന്ന് പാര്‍ട്ടി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്ന് പറയേണ്ട സാഹചര്യമേയില്ല. വിദേശത്ത് നിന്ന് പണം വന്നു എന്നത് ലീഗുമായി കൂട്ടിക്കുഴയേ്ക്കണ്ട ആവശ്യമില്ല. ഞാന്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അമേരിക്കന്‍ കോണ്‍സുലേറ്റില്‍ അടുത്ത സുഹൃത്തുക്കളുമുണ്ട്. കേരളത്തിലെ തീവ്രവാദം സംബന്ധിച്ചും അതിന്റെ വളര്‍ച്ചയെ കുറിച്ചുമെല്ലാം അവര്‍ ചോദിക്കാറുണ്ട്. എന്‍.ഡി.എഫിന്റെ തീവ്രവാദം എവിടെയും തുറന്നുപറയുന്നയാളാണ് ഞാന്‍'മുനീര്‍ പറഞ്ഞു.
എന്‍.ഡി.എഫ്. ഏറ്റവും ശത്രുവായി കാണുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയേയാണ്. ആ സംഘടനയുമായി മുഖാമുഖം പോരാടുന്ന ആളാണ് കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് ഈ കാര്യത്തില്‍ ഒറ്റക്കെട്ടാണ്.
വിക്കിലീക്‌സിന് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നത് ആരാണ്? അമേരിക്കയുടെ ഔദ്യോഗിക ശബ്ദമാണോ വിക്കിലീക്‌സ് എന്ന് അമേരിക്ക പറയണം. അമേരിക്കയ്‌ക്കെതിരെ പുസ്‌കകമെഴുതിയ ആളാണ് താന്‍. സാമ്രാജ്യത്വ ശക്തി എന്നത് തന്നെയാണ് അമേരിക്കയോടുള്ള എന്റെ സമീപനംമന്ത്രി പറഞ്ഞു.
No comments:
Post a Comment