17.9.2011 ചന്ദ്രിക മലയാള പത്രങ്ങള്‍ 2011 സപ്തംബര്‍ 15ന് പ്രസിദ്ധീകരിച്ച പ്രധാന വാര്‍ത്തകളിലൊന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ "കോലഞ്ചേരി' സന്ദര്‍ശനമായിരുന്നു. 14നു ദൃശ്യമാധ്യമങ്ങളും അത് സഗൗരവം സംപ്രേഷണം ചെയ്തു. കേരളത്തിലെ എണ്ണപ്പെട്ട രണ്ടു sൈ്രസ്തവസഭകള്‍ ഓര്‍ത്തഡോക്സും യാക്കോബായയും കൊണ്ടും കൊടുത്തും പിടിച്ച പിടിയാലെ നടത്തി വരുന്ന പള്ളിത്തര്‍ക്കമാണ് എറണാകുളം കോലഞ്ചേരിയില്‍. ഒരു ഭാഗത്ത് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവായുടെ ഉപവാസ സമരം. മറുവശത്ത് അഖണ്ഡ പ്രാര്‍ത്ഥനാ യജ്ഞം. നയിക്കുന്നത് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ. രണ്ടും ഒരേ കര്‍ത്താവിങ്കലേക്ക്. പക്ഷേ പുറത്ത് പൊരിഞ്ഞ സംഘര്‍ഷം. കുരിശുപള്ളി ബലം പ്രയോഗിച്ച് അടക്കലും തുറക്കലും. അറസ്റ്റും കേസും. സഭാധ്യക്ഷന്‍മാരും സമുദായാചാര്യന്‍മാരുമായവര്‍ക്കെതിരെ നിയമനടപടികള്‍. ഒത്തുതീര്‍പ്പിന്റെ വാതിലുകള്‍ പിടിവാശിയുടെ മണിച്ചിത്രത്താഴിട്ടു പൂട്ടിയിടത്തേക്കാണ് ബുധനാഴ്ച രാത്രി ഏറെ വൈകിയ നേരത്ത് പാണക്കാട്ടെ ശാന്തി ദൂതന്‍ പടി കയറി ചെല്ലുന്നത്. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്, മുന്‍പാര്‍ലമെന്റംഗം പി.വി. അബ്ദുല്‍വഹാബ് എന്നിവരും ഒപ്പം. വ്യാഴാഴ്ച മലയാള മനോരമയുടെ നെടുങ്കന്‍ വാര്‍ത്താ തലക്കെട്ട് ഇങ്ങനെ: ""കോലഞ്ചേരി: അനുരഞ്ജനത്തിനു പാണക്കാട് തങ്ങള്‍; പ്രശ്ന പരിഹാരത്തിനു സാധ്യത''. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കാതോലിക്കാ ബാവമാരെ സന്ദര്‍ശിച്ചു എന്ന് ഉപതലക്കെട്ടും. ഇരു സഭാ നേതാക്കളും ആദരപൂര്‍വം തങ്ങളെ സ്വീകരിക്കുന്ന ചിത്രങ്ങളും. മുസ്ലിംലീഗിന്റെ മതേതര പ്രതിച്ഛായയും മനോവീര്യവും എന്തായിത്തീരുമെന്ന് ആശങ്കപ്പെട്ട്, ജമാഅത്തെ ഇസ്ലാമി മുഖപത്രം ലേഖനമെഴുതിയതിന്റെ തൊട്ടുപിറ്റേന്നാണ് ഈ കാഴ്ച. എന്നു വെച്ചാല്‍ മൗദൂദിസ്റ്റുകള്‍ വെറുതെ നേരം കളയാതെ വീട്ടിലേക്ക് തിരിച്ചോളൂ എന്നു തന്നെ. മുസ്ലിംലീഗ് അതിന്റെ പരമ്പരാഗത ജോലിയുമായി മുന്നോട്ടുപോകും. ജനങ്ങളെ തമ്മിലടുപ്പിക്കല്‍. ജമാഅത്തുകാര്‍ക്ക് പാരമ്പര്യ ചികിത്സ തുടരുകയുമാവാം. തമ്മിലടിപ്പിക്കല്‍. ദുഷ്പ്രചാര വേലകളും ദുരാരോപണങ്ങളുമുന്നയിച്ച് മുസ്ലിംലീഗിന്റെ മനോവീര്യം തകര്‍ക്കാമെന്ന് ആരും ആശ വെക്കേണ്ട എന്ന് പാര്‍ട്ടി സംസ്ഥാന സമിതി താക്കീത് നല്‍കിയത് അപ്പണി നടത്തുന്നവരോടാണ്. കള്ളക്കഥകള്‍ കൊണ്ടുള്ള കറക്കികുത്തുകളെ ഒരു വെല്ലുവിളിയായി തന്നെ മുസ്ലിംലീഗ് സ്വീകരിക്കുന്നുവെന്നും തീവ്രവാദത്തിന്റെ തള്ളക്കോഴികള്‍ ആരാണെന്ന് ബുദ്ധിയുള്ള മലയാളികള്‍ക്കറിയാം എന്നു കൂടി നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി. ഇത്രയുമായപ്പോള്‍ പുകയിട്ട മാളത്തില്‍ നിന്നെന്ന പോലെ പലരും പുറത്തുചാടുന്നു. തീവ്രവാദത്തിനു ചിറകു വിരിച്ചു കൊടുക്കുന്നവരും ലീഗ് വിരുദ്ധ കള്ളക്കഥകളുടെ തലച്ചുമടുകാരും ജമാഅത്തുകാരാണെന്ന് ആ പ്രസ്താവനയിലൊരിടത്തും മുസ്ലിംലീഗ് പറഞ്ഞിട്ടില്ല. എന്നിട്ടും ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്കും അതിന്റെ പത്രത്തിനും മാത്രം ഒരു എരിവും പുകച്ചിലും. മുസ്ലിം ലീഗിനു മറുപടി പറയാന്‍ പത്രാധിപരായ പാര്‍ട്ടി നേതാവും യുവനേതാവും വാളെടുത്തിറങ്ങിയിരിക്കുന്നു. മുസ്ലിംലീഗിന്റെ മതേതര പ്രതിച്ഛായ തകര്‍ക്കുന്നതിനു പ്രയോഗിക്കാവുന്ന സൂത്രവും ആവശ്യക്കാര്‍ക്കു പറഞ്ഞു കൊടുക്കുന്നുണ്ട് ജമാഅത്ത് പത്രം. "ലീഗ് വര്‍ഗീയ, തീവ്രവാദ സംഘടനയാണെന്ന് വ്യാപക പ്രചാരണം സൃഷ്ടിക്കുക'. ജമാഅത്ത് പത്രം പറഞ്ഞാല്‍ വായനക്കാര്‍ പോയിട്ട് സ്വന്തം പ്രസ്ഥാന പ്രവര്‍ത്തകര്‍ പോലും കേള്‍ക്കില്ലെന്ന് കട്ടായം. അങ്ങനെയായിരുന്നെങ്കില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 2200 സീറ്റില്‍ മത്സരിച്ചിട്ട് വെറും ഒമ്പതു കൊണ്ട് വട്ടം വരക്കേണ്ടിവരില്ലായിരുന്നു. അതും ശശികലയുടെ ശിവസേനയും കോരുമാസ്റ്ററുടെ ജനപക്ഷം ബി.ജെ.പിയുമുള്‍പ്പെടെ ഒമ്പത് സംഘടനകളുടെ കൂട്ടുകൃഷി നടത്തിക്കിട്ടിയ വിളവ്. സ്വന്തം കാലിന്നടിയില്‍ ഒരു ചിരട്ട മണ്ണു പോലുമില്ലാത്തവരാണ് ലീഗിനെ തല്ലാന്‍ നാട്ടുകാര്‍ക്ക് സൂത്രം പഠിപ്പിക്കുന്നത്. മുസ്ലിംലീഗിന്റെ മതേതരച്ഛായയിലും ജനസ്വാധീനത്തിലും ശങ്ക തോന്നുമ്പോള്‍ ജമാഅത്തുകാര്‍ സ്വന്തം പത്രത്തിന്റെ കൂടുതല്‍ പഴക്കമില്ലാത്ത താളുകളൊന്നു മറിച്ചു നോക്കിയാല്‍ മതി. വടിവൊത്ത അക്ഷരത്തില്‍ കിടക്കുന്നുണ്ടാവും വെട്ടിത്തിരുത്താന്‍ പറ്റാത്ത ആ സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍. വല്ലാതെ പിന്നിലേക്ക് പോകേണ്ട. ഒരു വിളിപ്പാടപ്പുറം കാണും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കൊയ്ത്തും മെതിയും കഴിഞ്ഞ് പാട്ടം അളക്കുന്ന നേരത്ത് മാധ്യമം പത്രത്തില്‍ ഡോ. ഡി. ബാബു പോളിന്റെ ലേഖനം "മധ്യരേഖ'യില്‍. 2010 നവംബര്‍ 3ന്. ""മുസ്ലിം പൊതുധാരയില്‍ സന്തുലിതവും പക്വവുമായ നേതൃത്വം നല്‍കാന്‍ ഇന്നും മുസ്ലിംലീഗ് മാത്രമേയുള്ളൂ. അതു കൊണ്ട് അവര്‍ ആലസ്യം വെടിഞ്ഞത് നന്നായി എന്നേ ചരിത്രം പറയൂ. ലീഗ് തളരുമ്പോള്‍ പകരം ഇടം നേടുന്നത് മുസ്ലിം സമൂഹത്തിന്റെ പൊതുവായ വീക്ഷണം പ്രതിഫലിപ്പിക്കുന്നവരല്ല എന്നാണ് പുറത്തുള്ളവര്‍ക്കു തോന്നുന്നത്''. ബാബു പോള്‍ നിസ്സാരക്കാരനല്ലെന്ന് ജമാഅത്തുകാരില്‍ വിവരമുള്ളവര്‍ക്കറിയാം. സംസ്ഥാനത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി. അഗാധമായ രാഷ്ട്രമീമാംസ പരിജ്ഞാനമുള്ള നിരീക്ഷകന്‍. പാണ്ഡിത്യത്തിന്റെ വേദശബ്ദ രത്നാകരം. ഇതു തന്നെയാണ് മലയാളത്തിലെ ഒരുമാതിരിപ്പെട്ട എഴുത്തുകാരും രാഷ്ട്രീയക്കാരും തര്‍ക്കുത്തരം പറയാന്‍ ധൈര്യപ്പെടാത്ത ഉരുക്കു മനസ്സുള്ള സാഹിത്യകാരന്‍ എം.പി. നാരായണപിള്ള അഥവാ നാണപ്പന്‍ പറഞ്ഞതും. 1993ല്‍. മുസ്ലിംലീഗിനെതിരെ സി.പി.എം മതേതരത്വത്തിന്റെ വളോങ്ങിനില്‍ക്കുമ്പോള്‍. എെ.എസ്.എസ്, പി.ഡി.പി ആദിയായ തീവ്രവാദ ഗ്രൂപ്പുകളെയും മുസ്ലിംലീഗിനു തീവ്രത പോരെന്നു പറഞ്ഞ് പുറത്തുപോയവരെയുമെല്ലാം മാര്‍ക്സിസ്റ്റു പാര്‍ട്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിനിറക്കുമ്പോഴാണ് മുസ്ലിംലീഗ് മതേതര പ്രസ്ഥാനമല്ലെന്ന് അവര്‍ക്ക് വെളിപാട് വന്നത്. നാരായണപിള്ള എഴുതി: "മതേതരത്വത്തിന്റെ പേരില്‍ ലീഗിനെ ഒറ്റപ്പെടുത്തിയാല്‍ മുസ്ലിംലീഗ് ഇല്ലാതാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?... എല്ലാവരും കൂടി ഒറ്റപ്പെടുത്തുന്നത് കൊണ്ടു ലീഗിന്റെ യഥാര്‍ത്ഥ ശക്തി കുറയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ശക്തി കൂടെ നില്‍ക്കുന്ന ജനങ്ങളുടെ സംഖ്യയും അവരുടെ വിശ്വാസത്തിന്റെ ദൃഢതയുമാണ്.... അഖിലേന്ത്യാതലത്തില്‍ മുസ്ലിം രാഷ്ട്രീയം ഇപ്പോഴും ന്യൂനപക്ഷ രോദനമായി തുടരുകയാണ്. കേരളത്തിലെ ലീഗിന്റെ നിലവാരത്തിലേക്ക് അഖിലേന്ത്യാ തലത്തിലെ മുസ്ലിംരാഷ്ട്രീയത്തിനു ഉയരാന്‍ പറ്റിയാല്‍ ഇന്ത്യയില്‍ ഇന്നു കാണുന്ന പല വര്‍ഗീയ പ്രശ്നങ്ങളും ഇല്ലാതാകും. അധികാരത്തില്‍ തുല്യപങ്കാളികളാണ് തങ്ങളെന്ന ആത്മവിശ്വാസം ഓരോ സംസ്ഥാനത്തെയും ന്യൂനപക്ഷങ്ങള്‍ക്കുണ്ടാകുകയാണ് യഥാര്‍ത്ഥ പരിഹാരം. ചുരുക്കിപ്പറഞ്ഞാല്‍ മുസ്ലിംലീഗിനെ ഒറ്റപ്പെടുത്താനുള്ള മതേതരക്കാരുടെ ആഹ്വാനം നടപ്പില്‍ വരുത്തിയാല്‍ കേരളത്തിലെ വര്‍ഗീയത കുറയുകയല്ല. വര്‍ധിക്കുകയാണ് ചെയ്യുക'' (ലേഖനങ്ങള്‍: ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചത്). ഇന്ത്യന്‍ ജനാധിപത്യത്തെ ഉള്‍ക്കൊള്ളാനാവാത്തവര്‍ക്ക് ഇന്ത്യയിലെ വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നതും ഇഷ്ടപ്പെടില്ല. ആ നിലക്ക് അമേരിക്കയുടെ കിടയില്‍ ജമാഅത്തെ ഇസ്ലാമിയെ വെക്കുന്നത് ആനയും അരിമണിയും തമ്മിലുള്ള സാദൃശ്യം പോലാണെങ്കിലും ഉള്ളിലിരിപ്പില്‍ രണ്ടു ജനുസ്സിനും ഒരേ ചിന്തയുണ്ട്. രാജ്യത്തെ വര്‍ഗീയ പ്രശ്നങ്ങള്‍ക്ക് മറുമരുന്നായി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തിയാല്‍ അതാതിന്റെ സ്വാധീന മേഖലകളില്‍ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനാവുമെന്ന കടന്ന ബുദ്ധിയാണത്. ഇക്കാര്യത്തില്‍ മികച്ച ആയുധം നുണ പ്രചാരണമാണെന്ന് ഹിറ്റ്ലറുടെ മച്ചുനന്‍മന്ത്രി ഗീബല്‍സ് പഠിപ്പിച്ചിട്ടുണ്ട്. വിക്കിലീക്സ് വെളിപ്പെടുത്തിയത് അമേരിക്കന്‍ കോണ്‍സുലേറ്റ് അയച്ച അസ്സല്‍ രേഖയാണെന്നു സമ്മതിച്ച് ജൂലിയന്‍ അസാന്‍ജിനെ ആദരിച്ചാലും ഒരു വശപ്പിശക് ബാക്കിയുണ്ട്. അമേരിക്കന്‍ കോണ്‍സുലേറ്റ് എന്നാല്‍ മാലാഖമാരാണോ എന്നത്. അയ്യായിരം വര്‍ഷത്തെ ചരിത്ര സംസ്കാരപ്പെരുമയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ സാമൂഹിക ജീവിതത്തില്‍ അഞ്ഞൂറു കൊല്ലത്തെ പാരമ്പര്യം പോലുമില്ലാത്ത അമേരിക്കക്കെന്തു കാര്യം എന്നു ചോദിക്കുന്നതിനു പകരമാണ് ഈ വിശുദ്ധ വസ്ത്രമണിയിക്കുന്നത്. മുസ്ലിംലീഗിനെതിരെ തീവ്രവാദാരോപണമുന്നയിച്ച് രേഖ ചമച്ച "അമേരിക്ക' മൂന്നു വര്‍ഷം മുമ്പ് മറ്റൊരു രേഖ പുറത്തിറക്കി. ലോകത്ത് ഏറ്റവുമധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന്. അതിനു മുഖ്യഉദാഹരണമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലിസ റൈസ് ഉയര്‍ത്തിക്കാട്ടിയത് നിരപരാധിയായ പണ്ഡിതന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ ഒമ്പതര വര്‍ഷം അകാരണമായി തടവിലിട്ടു എന്നതാണ്. തീവ്രവാദി എന്ന പേരിലാണ് മഅ്ദനിയെ നായനാര്‍ പിടിച്ച് ജയലളിതക്കു കൊടുത്ത് സംഘ് പരിവാറിന്റെ ആഗ്രഹം നിറവേറ്റിയത്. മഅ്ദനിയോളം നിരന്തരം വേട്ടയാടപ്പെട്ട്, ഭരണകൂട പീഡനവും ജയില്‍ ദുരിതവും ഏറ്റുവാങ്ങിയ മറ്റൊരു മലയാളി സമീപകാല ചരിത്രത്തിലില്ല. പക്ഷെ, ലീഗില്‍ തീവ്രവാദം കാണുന്ന അമേരിക്കയുടെ കണ്ണില്‍, രാജ്യം നിരോധിച്ച എെ.എസ്.എസിന്റെ സ്ഥാപകന്‍ തീവ്രവാദിയല്ലാതാകുന്നു. മാധ്യമം പത്രാധിപര്‍ ജമാഅത്ത് പത്രത്തില്‍ വിക്കിലീക്സ് ഉദ്ധരിച്ച് അഭിമാനം കൊള്ളുന്നുണ്ട്: "ജമാഅത്തെ ഇസ്ലാമി ഭീകര പ്രവര്‍ത്തനം സംഘടിപ്പിച്ച ചരിത്രമേ ഇല്ലെന്നു അമേരിക്ക വെളിപ്പെടുത്തിയിരിക്കുന്നു എന്ന്.' രാജ്യദ്രോഹ പ്രസ്ഥാനമെന്നു കണ്ട് ജനാധിപത്യ ഇന്ത്യ പലവട്ടം നിരോധിച്ച ജമാഅത്തെ ഇസ്ലാമി അമേരിക്കന്‍ സാമ്രാജ്യത്വത്തിനു നല്ലപിള്ളയാണ്. ആയിരക്കണക്കിനു മുസ്ലിംകളെ വംശഹത്യ ചെയ്ത ഗുജറാത്ത് കലാപത്തിന്റെ അടുത്ത നാളുകളില്‍ അമേരിക്കയിലേക്കു വിസ നിഷേധിക്കപ്പെട്ടുവെങ്കിലും നരേന്ദ്രമോഡി അമേരിക്കന്‍ കോന്‍സുലേറ്റിനു ജനപ്രിയനും സദ്സ്വഭാവിയുമായിരിക്കുന്നു. ഇറാഖിലും അഫ്ഗാനിലും ജനലക്ഷങ്ങളെ കൊന്നൊടുക്കിയ ചോര പുരണ്ട കൈകളുമായി അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹത്തിനു ദണ്ഡനമസ്കാരം ചെയ്യാന്‍ ഊഴം കാത്ത് വെയില്‍ കൊണ്ടു നിന്നവരില്‍ ഇന്ന് വിക്കിലീക്സില്‍ ഗുണമേന്മ വെളിപ്പെട്ട പല പ്രസ്ഥാനങ്ങളുടെയും തലവന്‍മാരുണ്ടായിരുന്നു. പക്ഷേ യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നിട്ടു പോലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് പോയില്ല ജോര്‍ജ്ജ് ബുഷിനു പൂവും മലരും നേദിക്കാന്‍. കൊലയാളി ബുഷിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ജന്മമല്ല തന്റേതെന്ന് തെളിയിച്ച തന്റേടിയായ ഇന്ത്യന്‍ മന്ത്രിയാണ് അഹമ്മദ് സാഹിബ്. അതാണ് മുസ്ലിംലീഗിന്റെ ആര്‍ജ്ജവം. തീവ്രവാദത്തിന്റെ പട്ടികയില്‍ വീണ "സിമി'യുടെ മാതൃസംഘടനയായിട്ടും കേരളത്തിലെ ഒരു ജമാഅത്ത് നേതാവിന്റെ കഴുത്തിലും "ടാഡ' യുടെയും "പോട്ട' യുടെയും പിടി വീഴാതിരുന്നത് മുസ്ലിംലീഗിന്റെ ആര്‍ക്കും ചോര്‍ത്താനാവാത്ത മനോവീര്യം കൊണ്ടു തന്നെയായിരുന്നു. "ടാഡ'യും "പോട്ട'യും ഇവിടെ വേണ്ടെന്ന് ഭരണ നേതൃത്വത്തെ കൊണ്ട് പറയിപ്പിക്കാന്‍ ചങ്കൂറ്റമുള്ള ഒരു കുഞ്ഞാലിക്കുട്ടിയുണ്ടായതിന്റെ ഗുണം. കേരളത്തിലെ മുസ്ലിം യുവാക്കളെ ഭീകര വാദത്തിന്റെ ഇരകളാവാതെ കാത്തതും മുസ്ലിംലീഗ് എന്ന പ്രതിരോധ ഭിത്തിയാണെന്നു മറക്കരുത്. എന്‍.ഡി.എഫ് നുഴഞ്ഞുകയറിയത് മുസ്ലിംലീഗിലേക്കല്ല. പക്ഷെ അത് ഇഴഞ്ഞിറങ്ങി വന്നത് ജമാഅത്തെ ഇസ്ലാമിയെന്ന മാളത്തില്‍ നിന്നാണ്. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയെ വകവരുത്തല്‍ പ്രഥമ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യമായി കണ്ട് വേങ്ങരയില്‍ അവര്‍ തമ്പടിച്ചത്. പക്ഷേ ജനകീയ കോടതി മറ്റൊന്നു വിധിച്ചു. വിക്കിലീക്സ് രേഖയിലുള്ള അമേരിക്കന്‍ വിരുദ്ധതയുടെ ഗ്രാമമുഖമായ സദ്ദാം ബീച്ച് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കടപ്പുറത്താണ്. അവിടെ സ്ഥിരമായി വന്‍ഭൂരിപക്ഷത്തോടെ ജയിക്കുന്നതും മുസ്ലിംലീഗ് തന്നെ. അതുകൊണ്ട് അമേരിക്ക പിണങ്ങിയാല്‍ അന്നം മുട്ടുന്നവരല്ല മുസ്ലിംലീഗുകാര്‍. പക്ഷേ അപ്പുറത്തുള്ളവര്‍ക്ക് മുട്ടു വിറക്കും. |
Tuesday, September 20, 2011
ജമാഅത്തെ ഇസ്ലാമിയുടെ പാരമ്പര്യ ചികില്‍സ -സി.പി സൈതലവി
Labels:
ജമാഅത്തെ ഇസ്ലാമി,
വിക്കിലീക്സ്,
സി.പി. സൈതലവി
Subscribe to:
Post Comments (Atom)
No comments:
Post a Comment