Saturday, September 3, 2011

ജമാഅത്ത് തീവ്രവാദ പ്രവർത്തനം നടത്തിയതായി ചരിത്രമില്ലെന്ന് വിക്കിലീക്സ്


Published on Thu, 09/01/2011 കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം വോട്ടിന്റെ ഗതി നിര്‍ണായകമായി മാറിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം ലീഗും കോണ്‍ഗ്രസുമായി രണ്ട് ദശാബ്ദത്തിലേറെ മുന്നണിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങളായി അഴിമതി, സ്വജനപക്ഷപാതം, ചില നേതാക്കള്‍ക്കെതിരായ ലൈംഗിക  അപവാദം എന്നിവ ലീഗിന്റെ പിന്തുണയില്‍ ചോര്‍ച്ച വരുത്തിയിട്ടുണ്ട്. കടുത്ത ഇസ്‌ലാമിസ്റ്റുകളും ഇടതു പാര്‍ട്ടികളും ലീഗിന്റെ കോണ്‍ഗ്രസ് ബന്ധത്തെ നിശിതമായി വിമര്‍ശിക്കുന്നു. ഇറാഖിലെ സ്ഥിതിഗതികള്‍ ലീഗിന്റെ എതിരാളികള്‍ക്ക് മറ്റൊരു ശക്തമായ ആയുധമായി മാറി. അമേരിക്കയെ പിന്തുണയ്ക്കുകയോ അനുകൂലിക്കുകയോ ചെയ്ത കോണ്‍ഗ്രസ്- ലീഗ് നിലപാടുകളെ കമ്യൂണിസ്റ്റുകളും ഇസ്‌ലാമിസ്റ്റുകളും ആക്രമിച്ചു. ലീഗ് ജനറല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ ഈ വിഷയത്തിലെ മൗനത്തിനെതിരെ ജനകീയ മുസ്‌ലിം പത്രമായ മാധ്യമം എഡിറ്റോറിയല്‍ എഴുതി. ഐ.എന്‍.എല്‍, പി.ഡി.പി എന്നീ ചെറു പാര്‍ട്ടികളും 2006ലെ തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തെയാണ് പിന്തുണച്ചത്. പി.ഡി.പി തീവ്രവാദത്തിന്റെ പേരില്‍ കൂടുതല്‍ വിവാദമായതാണ്.തുടര്‍ന്ന് മഅ്ദനിയെ കുറിച്ചും രേഖ വിവരിക്കുന്നു.

കേരളത്തിലെ സുന്നികളില്‍ ഇ.കെ., എ.പി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. കറകളഞ്ഞ പരമ്പരാഗത വാദികളാണ് എ.പിക്കാര്‍. ഇ.കെ. ലീഗിനെ പിന്തുണക്കുന്നവരും. എ.പി. ഗ്രൂപ്പ് നേതാവായ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പരമ്പരാഗതമായി ഇടതിനെ പിന്തുണക്കുന്നു. പരിഷ്‌കരണവാദികളായ മുജാഹിദ് 2002ല്‍ രണ്ടായി പിളര്‍ന്നു. നാലാമത്തെ സുന്നി ഗ്രൂപ്പ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയാണ്. താരതമ്യേന ചെറുതാണെങ്കിലും വിദ്യാസമ്പന്നരിലും രാഷ്ട്രീയബോധമുള്ളവരിലും സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പുകളില്‍ പിന്തുണക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് അണികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ജമാഅത്തിന്റെ യുവജന വിഭാഗമായ സോളിഡാരിറ്റി കേരളത്തിലെ കൊക്കക്കോള വിരുദ്ധ സമരങ്ങളില്‍ സജീവമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു ചരിത്രവും ജമാഅത്തിനില്ലെന്നും രേഖയില്‍ പറയുന്നു.
അമേരിക്കന്‍ നയങ്ങളോട് കേരള മുസ്‌ലിംകള്‍ക്ക് ശക്തമായ എതിര്‍പ്പെന്ന്
തിരുവനന്തപുരം: മുസ്‌ലിം ലോകത്ത് അമേരിക്ക കൈക്കൊള്ളുന്ന നയങ്ങളോട് കേരളത്തിലെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണെന്ന് വിക്കിലീക്‌സ് രേഖ. ഇറാഖ് യുദ്ധവും ഇടത് പാര്‍ട്ടികളുടെ നയവും ഇതിന് വഴിയൊരുക്കിയെന്നും 2006 ഡിസംബറില്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അയച്ച രേഖകള്‍ വ്യക്തമാക്കുന്നു.  സദ്ദാംഹുസൈനോട് സംസ്ഥാനത്ത് പൊതുവായി അനുകമ്പയാണ് പ്രകടമായത്. മുഖ്യധാരാ മത-രാഷ്ട്രീയ ഗ്രൂപ്പുകള്‍ അക്രമത്തെ നിരുല്‍സാഹപ്പെടുത്തുന്നവരാണെങ്കിലും പുതിയ ചില സംഘടനകള്‍ ഫണ്ട് സമാഹരിക്കുന്നതും തീവ്രവാദ പ്രവണതകളുംകൊണ്ട് സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ അമേരിക്കന്‍ മിഷന്റെ പദ്ധതികള്‍ പ്രതിഷേധത്തിന് വഴിയൊരുക്കാം. അതിനാല്‍ പൊതുപരിപാടികള്‍ നടത്തും മുമ്പ് സംസ്ഥാന പൊലീസുമായി അടുത്ത സഹകരണം ഉണ്ടാക്കണമെന്ന് ശിപാര്‍ശ ചെയ്യുന്നതായും രേഖയില്‍ പറയുന്നു.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ ആരാധകര്‍ സദ്ദാം ഹുസൈന് കേരളത്തിലുണ്ട്. സദ്ദാമിനെതിരായ വിധിയില്‍ കേരളത്തിലെ മുസ്‌ലിം പത്രങ്ങള്‍ ശക്തമായി പ്രതികരിച്ചു. സദ്ദാമിന്റെ പേരില്‍ ഒരു ബീച്ചും ജംങ്ഷനും വരെയുള്ള കേരളത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങളും നടന്നു.
മിതഭാഷിയായ മുസ്‌ലീം ലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങള്‍ പോലും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥകള്‍ ലംഘിക്കുന്ന മനുഷ്യത്വരഹിത വിധിയെന്നാണ് വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 24.7 ശതമാനം മുസ്‌ലിംകളാണ്. വളര്‍ച്ച കാണിക്കുന്ന ഏക സമുദായവും ഇതാണെന്നും രേഖ പറയുന്നു. തുടര്‍ന്ന് കേരളത്തെ മുസ്‌ലിംകളുടെ പൂര്‍വകാല ചരിത്രവും രാഷ്ട്രീയവുമൊക്കെ വിവരിക്കുന്നു.

നിരോധിത സംഘടനയായ സിമിക്ക് നിരവധി  തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ആരോപണമുണ്ട്. അതിന്റെ മുന്‍ പ്രസിഡന്റായ സി.എ.എം ബഷീര്‍ മലയാളിയാണ്. മറ്റ് ചില മുസ്‌ലിം സംഘടനകളുടെ മറവില്‍ സിമി ചെറിയ തോതില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. വേഗത്തില്‍ വളരുന്ന ഏറ്റവും വിവാദമായ സംഘടന എന്‍.ഡി.എഫാണ്.സമാധാന മാര്‍ഗത്തിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാട്ടം നടത്തിയാണ് 93ല്‍ രംഗത്തുവന്നത്. എന്നാല്‍ എന്‍.ഡി.എഫ് ഇസ്‌ലാമിക തീവ്രവാദമാണെന്ന അഭിപ്രായമാണ് പലര്‍ക്കും. എന്‍.ഡി.എഫ് ധാരാളം പണം ചെലവിടുന്നുവെന്നും അതിന്റെ ഉറവിടം അറിയില്ലെന്നുമാണ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ പറഞ്ഞത്. ധാരാളം മലയാളികള്‍ ഗള്‍ഫിലടക്കം ജോലി ചെയ്യുന്നു. ധാരാളം പണം യഥാര്‍ഥ മാര്‍ഗത്തിലൂടെയും ഹവാലയായും വരുന്നുണ്ട്. എല്ലാ വിദേശ ബന്ധങ്ങളും നിരീക്ഷിക്കാന്‍ കഴിയില്ലെന്നും കമീഷണര്‍ പറഞ്ഞു.
http://www.madhyamam.com/news/114267/110903

No comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More