ദേശാഭിമാനിയുടെ പേജുകളിലും സി പി എം നേതാക്കളുടെ പ്രസംഗങ്ങളിലും ജമാഅത്തെ ഇസ്‌ലാമിയെ തെറിവിളിച്ചത് മറക്കാനായിട്ടില്ല. ഈ വര്‍ഷം തന്നെയായിരുന്നല്ലോ അത്. ആ സമയത്തായിരുന്നു ഇതു തന്നെ ഒന്നാന്തരമവസരം എന്ന് കരുതി മുസ്‌ലിംലീഗ് നേതൃത്വം ജമാഅത്തിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും അകറ്റിനിര്‍ത്തി കോട്ടക്കലില്‍ ഒരു മുസ്‌ലിം കൂട്ടായ്‌മ ഒരുക്കിയത്.
ഇരു സംഘടനകളെയും യോഗത്തിന് വിളിക്കാതിരിക്കാന്‍ കാരണം അവര്‍ തീവ്രവാദ പ്രത്യയശാസ്‌ത്രത്തെയും വര്‍ഗീയവാദത്തെയും പ്രതിനിധീകരിക്കുന്നവരാണെന്ന ലീഗ് വ്യാഖ്യാനം ജമാഅത്ത് നേതൃത്വത്തെ വെറളിപിടിപ്പിച്ചു. സി പി എമ്മുകാരെ ഇക്കാലമത്രയും സുഖിപ്പിച്ചും പൗഡറിട്ടും കൊണ്ടുനടന്നിട്ട് ഒടുവില്‍ പൂരത്തെറി കേള്‍ക്കേണ്ടിവന്ന ദയനീയാവസ്ഥയിലിരിക്കുമ്പോഴാണ് ലീഗിന്റെ വകയും ഈ കൊട്ടുകിട്ടിയത്. എന്നാല്‍ ഈ സംഗമത്തെ `കോട്ടക്കല്‍ കഷായം' എന്നാക്ഷേപിച്ചാണ് ജമാഅത്തുകാര്‍ കലിയത്രയും തീര്‍ത്തത്.
പിന്നീടാരെങ്കിലും 2010 ആഗസ്‌ത് 31ലെ തേജസ് മുഖപ്രസംഗം വായിച്ചോ എന്നറിയില്ല. ജമാഅത്തെ ഇസ്‌ലാമി 2010 ആഗസ്‌ത് 18ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്‌ത്വാര്‍ വിരുന്നായിരുന്നു മുഖപ്രസംഗ വിഷയം. ആ ഇഫ്‌ത്വാറില്‍ മുസ്‌ലിംലീഗെന്ന, ജമാഅത്ത് നശിച്ചുകാണാന്‍ ആഗ്രഹിക്കുന്ന, പാര്‍ട്ടി പ്രതിനിധികളെയും ചന്ദ്രിക പത്രപ്രതിനിധികളെയും സാക്ഷാല്‍ സംഘപരിവാര്‍ നേതാക്കളെയും ഒക്കെ വിളിച്ചിട്ടും പോപ്പുലര്‍ഫ്രണ്ട്-എസ് ഡി പി ഐ പ്രതിനിധികളെ പോയിട്ട് തേജസ് പത്രക്കാരെപോലും വിളിച്ചില്ലെന്നായിരുന്നു പത്രത്തിന്റെ ആക്ഷേപം. മുഖപ്രസംഗത്തിലെ വാക്കുകള്‍ തന്നെ ഇങ്ങനെയാണ്: ``തീവ്രവാദികളെന്ന് ശപിക്കപ്പെടുന്നവരുടെ പൊട്ടും പൊടിയും പോലും ഒഴിവാക്കിക്കൊണ്ടാണ് ഇഫ്‌ത്വാര്‍ നടത്തിയത്.''
തീവ്രവാദത്തിന്റെ പേരില്‍ കോട്ടക്കലില്‍ ജമാഅത്തിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും ഒഴിവാക്കിയതിനെ `കോട്ടക്കല്‍ കഷായം' എന്നാക്ഷേപിച്ച സ്ഥിതിക്ക് ഇപ്പറഞ്ഞ ഇഫ്‌ത്വാറിനെ `തീവ്രവാദത്തിനെതിരെ നളന്ദ തരിക്കഞ്ഞി' എന്ന് ലീഗുകാര്‍ വിളിച്ചാക്ഷേപിച്ചില്ല. ഒരുപക്ഷേ ആ തരിക്കഞ്ഞി അവരും കുടിച്ചതുകൊണ്ടാകും. പോപ്പുലര്‍ ഫ്രണ്ടുകാരില്‍ നിന്നും പ്രതീക്ഷിച്ചു ഒരു തരിക്കഞ്ഞി പ്രയോഗം. എന്നാലതുമുണ്ടായില്ല
ഇത്രയും പറഞ്ഞുവച്ചത് ജമാഅത്തുകാരുടെ ജനിതകഘടന സൂചിപ്പിക്കാനാണ്. മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അത് അവസരവാദം, സംഘപരിവാറിനെ സുഖിപ്പിക്കല്‍, സാമ്രാജ്യത്വദാസ്യം, മാധ്യമപ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകല്‍, പോലീസ് ഭാഷ്യം അപ്പടി വിഴുങ്ങല്‍ അങ്ങനെ പലതും. ജമാഅത്തുകാര്‍ ചെയ്‌താലോ? നേരെ കുത്തനയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനകീയ വികസന മുന്നണിയുടെയും ജനപക്ഷ മുന്നണിയുടെയും പേരില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോഴും കാണുന്നത് ഈ സുഖക്കേടുതന്നെ.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 13ലെ മാധ്യമത്തില്‍ `ജനാധിപത്യത്തിന് പുതിയ മുഖം നല്‍കാന്‍ ജനപക്ഷത്ത് നിന്നൊരു ഇടപെടല്‍' എന്ന തലക്കെട്ടില്‍ എ ആര്‍ എഴുതിയ ലേഖനത്തില്‍ സംസ്ഥാനത്തെങ്ങും എല്‍ ഡി എഫ്-യു ഡി എഫ് മുന്നണികള്‍ വിചിത്ര സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ മലപ്പുറം, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തെ പലയിടങ്ങളിലും ജമാഅത്ത് മുന്നണി സി പി എമ്മുമായും എല്‍ ഡി എഫ് ഘടക കക്ഷികളുമായും ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തിലും ധാരണയിലും നീക്കുപോക്കിലും അടവുനയത്തിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നത് മാലോകര്‍ക്കൊക്കെ അറിയുവാന്ന കാര്യമാണ്. അപൂര്‍വം ഇടങ്ങളില്‍ യു ഡി എഫിലെ ലീഗിതരകക്ഷികളുമായും നീക്കുപോക്കുണ്ടാക്കിയിട്ടുണ്ട്.
ഇങ്ങനെ സാമ്പാര്‍ മുന്നണികളുണ്ടാക്കിയത് അദ്ദേഹം എഴുതുന്നതു പോലെ ``വികസനത്തിന്റെ നേട്ടങ്ങള്‍ അതിന്റെ യഥാര്‍ഥ പ്രായോജകര്‍ക്കെത്തിക്കാനും പ്രകൃതിക്കു നേരെയുള്ള നഗ്നമായ കയ്യേറ്റം തടയാനും അങ്ങനെ ജനാധിപത്യത്തിന് പുതിയ മുഖം നല്‍കാനും'' ആണോ? തലയില്‍ ആള്‍പ്പാര്‍പ്പുള്ളവരാരും അത് സമ്മതിക്കില്ല. സംസ്ഥാനത്തെ 22,000 വാര്‍ഡുകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 2000ല്‍ താഴെ വാര്‍ഡുകളില്‍ മാത്രം മത്സരിക്കുന്ന ജമാഅത്ത് മുന്നണിക്ക് എങ്ങനെ ഇപ്പറഞ്ഞ `മാറ്റം' കൊണ്ടുവരാനാവും? ഒരു പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മത്സരിച്ചെങ്കിലല്ലേ ജമാഅത്തിന്റെ മാനിഫെസ്റ്റോ അംഗീകരിച്ച് ജനം പഞ്ചായത്ത് ഭരണം മാറ്റിമറിക്കുകയുള്ളൂ.
നെറ്റിയിലെഴുതി വെക്കുന്നതല്ല മനസ്സിലുള്ളതെന്ന് ആ സംഘടനയെ നിരീക്ഷിക്കുന്നവര്‍ക്കൊക്കെ അറിയാം. അടുത്ത ജൂണില്‍ സ്വാമി അഗ്നിവേശിനെയും വി ആര്‍ കൃഷ്‌ണയ്യരെയും മറ്റും മുന്നില്‍ നിര്‍ത്തി ഒരു രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നു. ആ പാര്‍ട്ടിയുടെ ആലോചനയും തിടുക്കവും പ്രകടിപ്പിച്ചത് കേരള ജമാഅത്താണ്. മറ്റു സംസ്ഥാനങ്ങളിലെ ജമാഅത്ത് ഘടകങ്ങളെക്കാള്‍ സംഘടനാ സംവിധാനവും ആള്‍ബലവും കൂടുതലുള്ളത് കേരളത്തിലാണ്. മുന്നണി സംവിധാനം നിലവിലുള്ളതിനാല്‍ കേരളത്തില്‍ ഒറ്റക്ക് നിന്ന് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് ബി ജെ പിയുടെ അനുഭവം കാണിച്ചുതന്നിട്ടുണ്ട്.
യു ഡി എഫില്‍ മുസ്‌ലിം ലീഗുള്ളതുകൊണ്ട് ജമാഅത്തിന്റെ സ്വാഭാവിക സഖ്യകക്ഷി എല്‍ ഡി എഫാണ്. കിനാലൂര്‍ പ്രശ്‌നത്തെത്തുടര്‍ന്ന് സി പി എം ജമാഅത്തിനെതിരെ ആഞ്ഞടിച്ചെങ്കിലും പിന്നീട് നടന്ന രഹസ്യചര്‍ച്ചകളില്‍ ചില ഒത്തുതീര്‍പ്പുകളുണ്ടാക്കിയിട്ടുണ്ട്. എസ് ഡി പി ഐ വര്‍ഗീയ കക്ഷിയാണെന്നതില്‍ തര്‍ക്കമില്ലെന്നും ജമാഅത്തുമായി ആശയതലത്തിലുള്ള വിയോജിപ്പാണുള്ളതെന്നും പിണറായി വിജയന്‍ ഈയിടെ പറഞ്ഞത് അതിന്റെ വെളിച്ചത്തിലാണ്. ജമാഅത്ത് പത്രം തുടര്‍ച്ചയായി എല്‍ ഡി എഫ് അനുകൂല നിലപാട് സ്വീകരിക്കുന്നതും ഈ ധാരണയുടെ ഭാഗം തന്നെ. ജമാഅത്ത് സജീവമായി രംഗത്തുള്ള വാര്‍ഡുകള്‍ പരിശോധിച്ചാലറിയാം, അവിടങ്ങളിലൊക്കെ അവരുടെ സ്ഥാനാര്‍ഥിത്വം എല്‍ ഡി എഫിനേക്കാള്‍ കൂടുതല്‍ യു ഡി എഫിനാണ് ക്ഷീണമുണ്ടാക്കുക എന്നത്. ഇതും ഒരു ഒളിയജണ്ടയാണ്.
ഈ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടുകളുടെ എണ്ണം കാണിച്ചുകൊടുക്കേണ്ടത് എല്‍ ഡി എഫുമായി റഹീംലീഗ് മോഡലിലോ ജനപക്ഷം മോഡലിലോ സഖ്യത്തിന് സഹായകരമാകുമെന്ന് ജമാഅത്ത് കരുതുന്നു. ഏറ്റവും ചുരുങ്ങിയത് അവരുടെ പരിലാളനയെങ്കിലും കിട്ടും. സി പി എം-ജമാഅത്ത് ധാരണയുള്ള മിക്കയിടത്തെയും പ്രധാന എതിര്‍സ്ഥാനാര്‍ഥി മുസ്‌ലിംലീഗാണെന്ന കാര്യം കടി അറിയുമ്പോഴേ ഈ കളിയിലെ കള്ളക്കളിയുടെ ആഴം വ്യക്തമാകൂ.
പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനു മുമ്പ് ജമാഅത്തെ ഇസ്‌ലാമിയുടെ അതേ ആശയപരിസരത്തു നിന്ന് രൂപംകൊണ്ട സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ ഒറ്റപ്പെടുത്തുക എന്നതും ജമാഅത്ത് അജണ്ടയാണ്. കൈവെട്ടു കേസ് അതിന് വേഗതയും വിശ്വാസ്യതയും കൂട്ടുകയും ചെയ്‌തു. എ ആര്‍ എഴുതിയ ലേഖനത്തില്‍ ഇടുക്കിയില്‍ എസ് ഡി പി ഐ ഐക്യജനാധിപത്യമുന്നണിയുമായി നീക്കുപോക്കുണ്ടാക്കിയതിനെ `മാറിയ പരിതസ്ഥിതിയിലും വലതുമായി പൂര്‍ണമായി ബന്ധം വേര്‍പെടുത്തിയില്ലെന്നും എന്ത് വിലകൊടുത്തും വിജയിക്കുക എന്ന ലക്ഷ്യമാവുമ്പോള്‍ ഉറക്കെ പറയുന്ന തത്വങ്ങള്‍ക്ക് വിശ്വാസ്യത നഷ്‌ടപ്പെടുക സ്വാഭാവികം' എന്നും എഴുതിവെക്കുന്നുണ്ട്.
രാഷ്‌ട്രീയ നയരൂപീകരണം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ആണവകരാര്‍ ആചാര്യന്‍ പ്രണബ് മുഖര്‍ജിക്കും അതിന്റെ കേരള പ്രചാരകപ്രമുഖ് എം ഐ ഷാനവാസിനും വോട്ടുകൊടുത്തവര്‍ യു ഡി എഫിനെ `വലത്' എന്നാക്ഷേപിക്കുന്നത് തന്നെ കൗതുകമുള്ള കാര്യമാണ്. ആഗോളാടിസ്ഥാനത്തതില്‍ ലെഫ്‌റ്റ്-വെസ്റ്റേണ്‍ മാധ്യമങ്ങളൊന്നടങ്കം ബംഗ്ലാ-പാക്ക്-ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ റൈറ്റ്‌വിംഗ് പാര്‍ട്ടി എന്നാണ് വിശേഷിപ്പിക്കാറ്. നൂറ്റാണ്ടുകള്‍ മുമ്പുള്ള വിശ്വാസാചാരങ്ങളെ പുണരുന്നവരും അത് പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമെന്ന അര്‍ഥത്തിലും സ്വകാര്യമൂലധനത്തെ അംഗീകരിക്കുന്നവരും കമ്യൂണിസവുമായി പ്രത്യയശാസ്‌ത്ര വിയോജിപ്പുള്ളവരും എന്ന രീതിയിലാണ് `വലതുപക്ഷം' ബ്രാന്റിംഗ് നടക്കുന്നത്. ഈ ആക്ഷേപം ഏറ്റുവാങ്ങുന്നവര്‍ തന്നെ യു ഡി എഫിനെപ്പോലെ ബഹുകക്ഷി ജനാധിപത്യത്തിലും മത-വിശ്വാസ സ്വാതന്ത്ര്യമനുവദിക്കുന്ന മതേതരത്വത്തിലും പൊതു-സ്വകാര്യ മൂലധനത്തിലും വിശ്വസിക്കുന്നവരെ `വലത്' എന്ന് വിളിക്കുന്നത് ആട്ടുകേട്ടിട്ടും സുഖിപ്പിച്ചാല്‍ കമ്യൂണിസ്റ്റുകാരില്‍ നിന്ന് വല്ലതും കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ട് തന്നെയാണ്.
ജമാഅത്തുകാര്‍ക്ക് നിയമസഭാ-ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ പോലും വലതുമുന്നണിക്ക് വോട്ട് ചെയ്യാം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അവിശുദ്ധ കൂട്ടുകെട്ടില്‍ ഏര്‍പ്പെടാം. അതൊക്കെ വികസനത്തിന്റെ നേട്ടങ്ങള്‍ യഥാര്‍ഥ പ്രായോജകര്‍ക്ക് എത്തിക്കാന്‍ വേണ്ടി. അല്ലാത്തവര്‍ ചെയ്യുമ്പോഴോ, ഒളിയാക്രമണവും അവസരവാദവും എങ്ങനെയെങ്കിലും ജയിക്കാനുള്ള തന്ത്രകുതന്ത്രങ്ങളും!
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ സ്ഥാനാര്‍ഥിത്വത്തിന്റെ ഇസ്‌ലാമികത നാം ഗൗരവമായി ചര്‍ച്ചക്കെടുക്കേണ്ടതുണ്ട്. ഒരു വാര്‍ഡില്‍ എല്‍ ഡി എഫ്-യു ഡി എഫ്-ബി ജെ പി സ്ഥാനാര്‍ഥികളും സ്വതന്ത്രരും ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ടെന്ന് വെക്കുക. അവിടുത്തെ ഒരു മുസ്‌ലിം വോട്ടര്‍ ജമാഅത്ത് മുന്നണിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കോ മുന്നണിക്കോ വോട്ട് ചെയ്‌താലുണ്ടാകുന്ന മതപ്രത്യാഘാതം എന്താകും? മരണാനന്തരം അയാള്‍ ദൈവകോപത്തിന് ഇരയാകുമോ? പാപത്തിന്റെ തുലാസില്‍ കനം കൂടുമോ? നരകാവകാശി പോലുമാവുമോ? എന്തുകൊണ്ടെന്നാല്‍ വേര്‍തിരിക്കാനാവാത്ത മത-രാഷ്‌ട്രീയ ആശയങ്ങളുടെ ബഹിര്‍സ്‌ഫുരണമെന്നോണമാണ് ഈ മത്സരവും പ്രചാരണവുമെല്ലാം. ഒരു ദൈവികവ്യവസ്ഥയില്‍ ദൈവത്തിനു വേണ്ടി അമീറും മൗലാനമാരും മറ്റു ശൂറാ അംഗങ്ങളും ഒരുമിച്ചിരുന്ന് ആലോചിച്ചെടുക്കുന്ന തീരുമാനം പോലെയാണ് മുജാഹിദുകളും സുന്നികളുമൊക്കെ ഭൗതിക കാര്യങ്ങളെന്ന് കരുതുന്ന കാര്യങ്ങളില്‍ ജമാഅത്ത് എടുക്കുന്ന തീരുമാനം. ഖുര്‍ആന്റെ താല്‍പര്യം തന്നെയാവണം ആ തീരുമാനവും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ തീരുമാനം. അത് ലംഘിച്ചാല്‍ ശിക്ഷ ലഭിക്കാതിരിക്കുമോ?
ജമാഅത്ത് മുന്നണിക്ക് വോട്ട് ചെയ്യാതിരുന്നാല്‍ കുറ്റം ലഭിക്കുമെങ്കില്‍ ജമാഅത്ത് മത്സരിക്കാത്ത മണ്ഡലങ്ങളിലെ വോട്ടര്‍മാരെക്കുറിച്ചുള്ള മതവിധിയെന്താകും? അവര്‍ക്ക് ഒരുപക്ഷേ, `മറ്റു വഴികളില്ലാഞ്ഞിട്ട്' എന്ന ന്യായമെങ്കിലുമുണ്ട്. എന്നാല്‍ 2000ല്‍ താഴെ വാര്‍ഡുകളിലെ വോട്ടര്‍മാരുടെ സ്ഥിതിയോ? ലാഘവബുദ്ധിയോടെ എടുക്കേണ്ടതല്ല ഈ ചോദ്യം!!
അതല്ല, ജനകീയ വികസന മുന്നണിയും മറ്റു മുന്നണികളെപ്പോലെ ഒരു മുന്നണിയാണെന്നും ആര്‍ക്കും അവരുടെ ഇഷ്‌ടപ്രകാരം ഏത് മുന്നണിക്കും വോട്ട് ചെയ്യാമെന്നുമാണ് മതവിധിയെങ്കില്‍ ഈ രാഷ്‌ട്രീയ പ്രവേശനത്തിന് പ്രത്യയശാസ്‌ത്രപരമായ ഒരടിത്തറയും ജമാഅത്തിന് ചൂണ്ടിക്കാണിക്കാനാവില്ല. ഒരാള്‍ക്ക് നല്ല മുസ്‌ലിമായി കോണ്‍ഗ്രസിലും ലീഗിലും മറ്റും പ്രവര്‍ത്തിക്കാമെന്ന പോലെ തന്നെയാണ് ജമാഅത്തിലും പ്രവര്‍ത്തിക്കുന്നതെന്ന നിഗമനത്തില്‍ അവരെത്തേണ്ടിവരും. അപ്പോള്‍ പിന്നെ ഏത് പാര്‍ട്ടിയായാലും ഇസ്‌ലാമിക ആദര്‍ശം ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ മതിയെന്ന് ഇതപര്യന്തമുള്ള ജമാഅത്തിതര മുസ്‌ലിം സംഘടനകളുടെ വീക്ഷണം ഉള്‍ക്കൊള്ളലായി. അതോടെ മത-രാഷ്‌ട്രീയ അവിച്ഛിന്നതയുടെ പ്രത്യയശാസ്‌ത്രം പൊളിഞ്ഞ് പാളീസാവുകയും ചെയ്യും.
ഇപ്പോള്‍ തന്നെ പത്രമുള്‍പ്പെടെ അവരുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മതപരത അവരവരുടെ വ്യക്തിപരമായ കാര്യമാണെന്ന തീരുമാനത്തില്‍ ജമാഅത്ത് എത്തിയിട്ടുണ്ട്. മദ്യപാനംപോലും വ്യക്തിപരമാണെന്ന് പറയുമ്പോള്‍ കാര്യങ്ങള്‍ എവിടെയെത്തിയെന്ന് നാം ആലോചിക്കണം. പലിശപ്പരസ്യത്തിനും ശ്ലീലമല്ലാത്ത ചിത്രത്തിനും വിലക്കില്ലാതായിട്ട് വര്‍ഷങ്ങളായി. ദൈവത്തിനുള്ളതും സീസര്‍ക്ക് കൊടുക്കുന്ന പ്രത്യയശാസ്‌ത്ര പാപ്പരത്തം തന്നെയിത്.
നമുക്ക് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് തന്നെ വരാം. ജനകീയ വികസന മുന്നണി പ്രചാരണയോഗങ്ങളിലൊന്നും ജമാഅത്തെ ഇസ്‌ലാമി എന്ന പേര് കേള്‍ക്കാത്തതെന്തുകൊണ്ടാണ്? നടേ പറഞ്ഞ പ്രത്യയശാസ്‌ത്ര അവസരവാദം തുറന്നുകാട്ടപ്പെടുമെന്ന ഭയംതന്നെ കാരണം. ഏതൊരു സംഘടനയും അതിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലും നേതാക്കളുടെ വീക്ഷണത്തിലും അഭിമാനംകൊള്ളുമ്പോള്‍ അതൊക്കെ എങ്ങനെയൊക്കെ മൂടിവെക്കാന്‍, മറച്ചുവെക്കാന്‍ കഴിയുമെന്നാണ് ആ സംഘടന നോക്കുന്നത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പേരില്‍ ഒരു വലിയ സമൂഹത്തിന്റെ രാഷ്‌ട്രീയ ഭാഗധേയം അരനൂറ്റാണ്ടോളം തടഞ്ഞുവെക്കാനുത്തരവാദികളായവര്‍ ഇപ്പോള്‍ അതേ ആശയങ്ങളുടെ അടിത്തറയില്‍ രാഷ്‌ട്രീയ പരീക്ഷണം നടത്തുന്നത് ആസ്വാദ്യകരമായ അനുഭവമാണ്. ഇപ്പോള്‍ രൂപീകരിക്കാന്‍ പോകുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ പേരെന്താവും? തീര്‍ച്ചയായും അത് `ഡമോക്രാറ്റിക് സെക്യുലര്‍ നാഷണലിസ്റ്റ് പാര്‍ട്ടി' എന്നായിരിക്കാനിടയുണ്ട്. കാരണമെന്തെന്നാല്‍ ആ പേരിലെ മൂന്ന് ആശയങ്ങളും നേരത്തെ നരകത്തിലേക്കുള്ള പാസ്‌പോര്‍ട്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ സ്വര്‍ഗത്തിലേക്കുള്ള ഫ്രീ വിസയാണ്. അതാണ് ജമാഅത്തെ ഇസ്‌ലാമി. കാപട്യമാണ് അതിന്റെ ജീവവായു.
സ്റ്റോപ്പ്‌പ്രസ്: പ്രവാചകന്റെ കാലത്ത് മതകാര്യങ്ങള്‍ക്കും രാഷ്‌ട്രീയ കാര്യങ്ങള്‍ക്കും ഒരേ നേതൃത്വമായതിനാല്‍ സമസ്‌തക്കാരും മുജാഹിദുകളും വഴിതെറ്റിപ്പോയെന്നാണ് നമ്മെ പഠിപ്പിച്ചത്. അപ്പോള്‍ സ്വാമി അഗ്‌നിവേശിന്റെ കീഴില്‍ രാഷ്‌ട്രീയത്തിനായി അണിനിരന്നാലോ? പ്രവാചകന്റെ കാലത്ത് രാഷ്‌ട്രീയ കാര്യങ്ങള്‍ അബൂജഹലിന്റെ നേതൃത്വത്തിലും മുസ്‌ലിംകള്‍ നടത്തിയിരുന്നു എന്ന് തെളിവുണ്ടാക്കിയാല്‍ മതി. അല്ലെങ്കിലും തെളിവൊന്നും വേണ്ട. ജനാധിപത്യവും മതേതരത്വവും ഹലാലാക്കാന്‍ ഒരു ശൂറാ സിറ്റിംഗ് മതിയായ പോലെ ഇക്കാര്യമംഗീകരിക്കാനും ഒരു ശൂറ കൂടിയാല്‍ മതി. ശൂറ തീരുമാനമെന്നാല്‍ ദൈവിക തീരുമാനം. ദൈവത്തിന്റെ ഭൂമിയില്‍ ദൈവിക ഭരണം. നമുക്കും കിട്ടണം അധികാരം.
by Khader P @ shabab weekly
No comments:
Post a Comment