Tuesday, March 29, 2011

കെ എം ഷാജി വോട്ടുതേടി സോളിഡാരിറ്റി ഓഫിസിലെത്തി


Thejas  23 Mar 2011 
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍നിന്നു യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി പിന്തുണ തേടി സോളിഡാരിറ്റിയുടെ ജില്ലാ ആസ്ഥാനത്തെത്തി. 
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണു കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലെ കൌസര്‍ കോംപ്ളക്സിലെ സോളിഡാരിറ്റി ഓഫിസില്‍ കെ എം ഷാജി രഹസ്യസന്ദര്‍ശനം നടത്തിയത്.  
യൂത്ത്ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി തില്ലങ്കേരിയും ലീഗ് മുഖപത്രത്തിലെ ജില്ലാ ലേഖകനും കൂടെയുണ്ടായിരുന്നു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ എം മഖ്ബൂല്‍, സംസ്ഥാന പ്രതിനിധി സഭാ അംഗം ജലീല്‍ പടന്ന എന്നിവരുമായി 10 മിനിറ്റിലേറെ നേരം ചര്‍ച്ചനടത്തി. 
എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിക്കോ സ്ഥാനാര്‍ഥിക്കോ വോട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തിട്ടില്ലാത്തതിനാല്‍ പിന്തുണ സംബന്ധിച്ചു നിലപാട് വ്യക്തമാക്കാന്‍ സോളിഡാരിറ്റി നേതാക്കള്‍ തയ്യാറായിട്ടില്ലെന്നാണു സൂചന. 
കെ എം ഷാജി ഇന്നലെ രാവിലെയാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിരവധി നേതാക്കളോടൊപ്പം പ്രകടനമായെത്തി പത്രിക നല്‍കിയ ശേഷം ജില്ലയിലെ മറ്റു ലീഗ് നേതാക്കളെ ഒഴിവാക്കി ഷാജി സോളിഡാരിറ്റി ഓഫിസിലെത്തുകയായിരുന്നു. 
സോളിഡാരിറ്റി, ജമാഅത്തെ ഇസ്്ലാമി, പോപുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരന്തരം വിമര്‍ശിച്ചിരുന്ന ഷാജി ഇത്തരം സംഘടനകളുമായി തിരഞ്ഞെടുപ്പിലോ മറ്റോ യാതൊരുവിധ ചര്‍ച്ചകള്‍ നടത്തുകയോ പിന്തുണ തേടുകയോ ചെയ്യില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അഴീക്കോട് മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനാല്‍ ഇവിടെ മല്‍സരം കനക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാജി സോളിഡാരിറ്റിയുടെ പിന്തുണ തേടിയതെന്നറിയുന്നു.



No comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More