Tuesday, March 29, 2011

സോളിഡാരിറ്റി, എസ്.ഡി.പി.ഐ: നിലപാടില്‍ മാറ്റമില്ലെന്ന് മുനീര്‍


തേജസ് 29 Mar 2011 
കോഴിക്കോട്: സോളിഡാരിറ്റി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളോടുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍, വ്യക്തികളെന്ന നിലയില്‍ എല്ലാവരോടും വോട്ട് ചോദിക്കുമെന്നും കോഴിക്കോട് സൌത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഡോ. എം കെ മുനീര്‍.
കോഴിക്കോട് പ്രസ്ക്ളബ്ബിന്റെ 'മീറ്റ് ദ കാന്‍ഡിഡേറ്റ'് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചോദിക്കുമ്പോള്‍ ഓരോ വ്യക്തിയോടും ഏതാണു പാര്‍ട്ടിയെന്നു ചോദിക്കാനാവില്ലെന്നും ആശയപരമായി നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസ്ക്രീം കേസ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് എന്റെ നിലപാട് ബോധ്യപ്പെട്ടതുകൊണ്ടാണു എന്നെ സ്ഥാനാര്‍ഥിയാക്കിയത്. ഹുണ്ടികക്കട നടത്തുന്നയാള്‍ക്കും പെട്ടെന്നു പൂട്ടാന്‍ പ്രയാസമുണ്ടാവുമെന്നും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ വൈകുന്നതിന്റെ സാങ്കേതിക കാരണം പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം സാഹിറിന്റെ മകന്‍ തനിക്കെതിരേ നടത്തിയ ആരോപണത്തിനു മറുപടി പറയുന്നില്ല. അവസാന രണ്ടു സീറ്റുകളിലെങ്കിലും വനിതകളെ പരിഗണിക്കണമെന്നു പാര്‍ട്ടിക്ക് ആഗ്രഹമുണ്ടായിരുന്നു. തന്നെക്കാള്‍ കഴിവുള്ളവര്‍ പുറത്തുണ്െടന്നും പല മാനദണ്ഡങ്ങളും പരിഗണിച്ചാണു പാര്‍ട്ടി സീറ്റ് നല്‍കുന്നതെന്നും ഇതില്‍ മതസംഘടനകളുടെ ഇടപെടലില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് ആരോപണത്തിന്റെ പേരില്‍ മാറിനില്‍ക്കുകയാണെങ്കില്‍ ആര്‍ക്കും മല്‍സരിക്കാനാവില്ലെന്നായിരുന്നു മറുപടി. തനിക്കെതിരായി ഉയര്‍ന്നതുപോലുള്ള  ആരോപണമാണു കുഞ്ഞാലിക്കുട്ടിക്കെതിരേയും ഉയര്‍ന്നത്.എല്‍.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം സ്ത്രീകളുടെ സുരക്ഷിതത്വത്തിനു പോറലേറ്റെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More