Thursday, April 28, 2011

നരിക്കാട്ടേരി സ്‌ഫോടനം: മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍


നാദാപുരം: നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.സ്‌ഫോടനത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നരിക്കാട്ടേരി സ്വദേശികളായ ചെറിയ തയ്യില്‍ ഫൈസല്‍ (31), പൂവുള്ളതില്‍ അജ്‌നാസ് (23), പൂവുള്ളതില്‍ സബീലുല്ല എന്ന സബീല്‍ (21) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി.കെ. ധനഞ്ജയകുമാര്‍ അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തയുടന്‍ ബുധനാഴ്ച ഉച്ചയോടെയാണ് അറസ്റ്റ്.
പ്രതികളെ വ്യാഴാഴ്ച രാവിലെ നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്നുപേരെയും നാദാപുരം റസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് രാത്രിയിലും ചോദ്യം ചെയ്യുകയാണ്.സ്‌ഫോടന കേസില്‍ നേരത്തെ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ചേലക്കാട് ഇറ്റിയോടി കുഞ്ഞമ്മദ്, കിഴക്കയില്‍ ഇസ്മാഈല്‍ എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.
കഴിഞ്ഞ ഫെബ്രുവരി 26നാണ് നരിക്കാട്ടേരി അണിയാരിമ്മല്‍ കുന്നിലെ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അഞ്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
ബോംബ് നിര്‍മാണത്തിനിടെ ഇത്രയും പേര്‍ മരിച്ച സംഭവം സംസ്ഥാനത്ത് ആദ്യത്തേതായിരുന്നു. കല്ലാച്ചി പയന്തോങ്ങിലുണ്ടായ സി.പി.എം-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണത്രേ ബോംബ് നിര്‍മാണം നടന്നത്.



No comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More