ഞായര്‍, 13 മാര്‍ച്ച് 201
മുസ്ലീം ലീഗ് നേതാവും ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാനുമായ എംകെ മുനീറിന് വിവാദങ്ങള്‍ ഒഴിഞ്ഞ സമയമില്ല. ഇന്ത്യാവിഷനെ വിയര്‍പ്പൊഴുക്കി മികച്ച ചാനലാക്കി മാറ്റിയവരെ ഒരരുക്കാക്കി ചാനല്‍ പിടിച്ചടക്കി എന്ന വിവാദം തൊട്ട് കുഞ്ഞാലിക്കുട്ടിയെ വെടക്കാക്കാന്‍ ചാനലിലൂടെ ശ്രമിച്ചു എന്ന വിവാദം വരെ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ഇപ്പോഴിതാ പുതിയൊരു വിവാദത്തിന് തലവച്ചിരിക്കുകയാണ് ഡോക്‌ടര്‍ എംകെ മുനീര്‍. മുഹമ്മദ് നബിയുടെ മൃതദേഹത്തെ ‘ശവം’ എന്നു വിശേഷിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വാചകങ്ങള്‍ അടങ്ങുന്ന ‘ഇസ്‌ലാമും സ്ത്രീകളും’ പ്രസിദ്ധീകരിച്ചതാണ് ഇപ്പോള്‍ മുനീറിനെ വേട്ടയാടുന്നത്.
മുനീറിന്റെ ഉടമസ്ഥതയിലുള്ള ഒലീവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഇസ്‌ലാമും സ്ത്രീകളും’ എന്ന പുസ്തകത്തില്‍ മുഹമ്മദ് നബിയെയും ഇസ്ലാമിനെയും നിന്ദിക്കുന്ന ഏറെ പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് ആരോപണം. ഫാത്തിമ മെര്‍നീസി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ‘ദ വെയ്‌ല്‍ ആന്‍ഡ് ദി മെയില്‍ എലൈറ്റ്’ എന്ന പുസ്‌തകത്തിന്റെ പരിഭാഷയാണ് ‘ഇസ്‌ലാമും സ്ത്രീകളും’. കെഎം വേണുഗോപാലാണ് പരിഭാഷകന്‍. വിവാദം വന്നയുടന്‍ പുസ്തകം തങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു എന്ന് പത്രക്കുറിപ്പിറക്കി മുനീര്‍ തടിയൂരിയിരുന്നു. എന്നാല്‍ പുസ്തകം സുലഭമായി പുസ്തകക്കടകളില്‍ ലഭിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളായി.
മുസ്ലീം ലീഗ് പത്തനംതിട്ട ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി ഖാന്‍ ഷാജഹാനാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മിജിസ്‌ട്രേറ്റ് കോടതിയില്‍ പുസ്‌തകത്തിന്റെ പരിഭാഷകന്‍ കെഎം വേണുഗോപാല്‍, ഒലീവ് സിഎംഡി എംകെ മുനീര്‍ എന്നിവരെ പ്രതികളാക്കി ഹര്‍ജി നല്‍കിയിരിക്കുന്നത്. വിശ്വാസത്തെ വ്രണപ്പെടുത്തുകയും പ്രകോപനപരമായ രചന നടത്തുകയും ചെയ്‌തിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 285 (എ), 153 (എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുനീറിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രവാചകന്റെ മൃതദേഹത്തെക്കുറിച്ച് ശവം എന്നാണ് പുസ്തകത്തില്‍ ഒരിടത്ത് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രവാചകന്‍ നക്ഷത്രതുല്യരെന്നു വിശേഷിപ്പിച്ച നാലു ഖലീഫമാരെയും യാഥാസ്ഥിതികര്‍ എന്നു കുറ്റപ്പെടുത്തുന്നുണ്ട്. പ്രവാചകന്റെ ദാമ്പത്യജീവിതത്തെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ വേറെയും. പ്രവാചകനെയും അനുയായികളെയും ധനമോഹികളും സ്വാര്‍ത്ഥരുമായാണ് പുസ്‌തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. മുഹമ്മദ് ഒരു ചൂതാട്ടം നടത്തുകയായിരുന്നു എന്നും പുസ്തകം പറയുന്നു. ഖുറാന്‍ വചനങ്ങള്‍ വെറും പദ്യമാണെന്ന് അടുത്ത വിശേഷണം.
മുനീറിന്റെ പ്രത്യേക താല്‍പര്യവും വീക്ഷണവും ഈ പുസ്തകം മൊഴിമാറ്റാന്‍ സഹായകമായി എന്ന് പരിഭാഷകന്‍ ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഫാത്തിമ മെര്‍സീനിയുടെ മൂലകൃതിയിലെ പരാമര്‍ശങ്ങളെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്‌തുമാണ് മലയാള വിവര്‍ത്തനത്തില്‍ ചേര്‍ത്തിരിക്കുന്നത് എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. അഭിഭാഷകരായ ടോം തോമസ്, അബ്ദുല്‍ ഗഫൂര്‍ കണ്ണോത്ത് എന്നിവര്‍ മുഖേനെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പുസ്‌തകം ഒന്നര വര്‍ഷം മുമ്പു പിന്‍വലിച്ചുവെന്ന മുനീറിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും മുസ്ലീങ്ങളെയും ഇസ്ലാം മതവിശ്വാസത്തെയും അപകീര്‍ത്തിപ്പെടുത്തുകയാണ് മുനീറിന്റെ ലക്‌ഷ്യമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു
No comments:
Post a Comment