Tuesday, March 23, 2010

മുസ്ലിം ഐക്യം പ്രഖ്യാപിത ലക്ഷ്യം, ശ്രമങ്ങള്‍ തുടരും: മുസ്ലിം ലീഗ്‌



Kunhalikutty
Muslim League to continue efforts to unite Community
Source : www.thejasnews.com
കോഴിക്കോട്‌: മുസ്‌ലിം ഐക്യം പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നു മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ആത്മീയ നേതാവെന്ന നിലയിലുള്ള ശിഹാബ്തങ്ങളുടെ വ്യക്തിത്വം ഉപയോഗിച്ചു ഐക്യനീക്കങ്ങള്‍ തുടരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ മുസ്‌ലിം സംഘടനകളുമായി ലീഗ്‌ ഐക്യചര്‍ച്ച ആരംഭിച്ചു. ഇ കെ-സുന്നി വിഭാഗം നേതാക്കളുമായി ശിഹാബ്‌ തങ്ങള്‍ ഇന്നലെയും ചര്‍ച്ച നടത്തി. സമസ്ത നേതാക്കളുമായി ആലോചിച്ചാണു മറ്റു സംഘടനകളുമായി ഐക്യ ചര്‍ച്ചകള്‍ നടത്തുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പള്ളികളിലും മദ്‌റസകളിലും മഹല്ലുകളിലും ഇനി ഭിന്നിപ്പിന്റെ പേരില്‍ അസ്വാരസ്യങ്ങളുണ്ടാവരുതെന്നാണ്‌ ആഗ്രഹം. സമുദായ ഐക്യം തകര്‍ക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാവരുത്‌. മുസ്‌ലിം സമൂഹത്തെ മുഖ്യധാരയില്‍ രാഷ്ട്രീയവല്‍കൃത സമൂഹമാക്കി രൂപപ്പെടുത്താനുള്ള ദൌത്യത്തിന്റെ ഭാഗമായാണു ഐക്യശ്രമം.
കാന്തപുരവുമായി ഐക്യ ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തില്‍ സമുദായത്തെ കീറിമുറിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഒഴിവാക്കണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
മുസ്ലിം തീവ്രവാദ വേട്ടയെന്ന പേരില്‍ നടക്കുന്ന അറസ്റ്റുകളുടെ പശ്ചാത്തലത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ അറസ്റ്റ്‌ നടന്ന പല കേസുകളും വ്യാജമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. വിദ്യാസമ്പന്നരായ മുസ്‌ലിം യുവാക്കള്‍ക്കെതിരേ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം കരുക്കള്‍ നീക്കുകയാണെന്നാണു സംശയം. തീവ്രവാദ വേട്ടയുടെ പേരില്‍ നടക്കുന്ന നീതിനിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണമെന്നു ലീഗ്‌ സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ടു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ജനങ്ങളോടു യാതൊരു പ്രതിബദ്ധതയുമില്ലാതെയാണു സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ടു പോവുന്നതെന്നു ലീഗ്‌ പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. സി.പി.എം പ്രാകൃത ശാഠ്യങ്ങള്‍ ഉപേക്ഷിക്കുന്നില്ലെന്നതിന്റെ തെളിവാണു കുട്ടനാട്‌ പ്രശ്നം. മുസ്‌ലിം സമുദായത്തോടു ആത്മാര്‍ഥതയില്ല. വോട്ട്‌ രാഷ്ട്രീയമാണു സി.പി.എം പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.


No comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More