Wednesday, June 8, 2011

ഐ.ബി.സി ചാനലും മുസ്ലിം ലീഗിന്റെ മതേതരത്വവും.

3:56 pm am May 5, 2011


കാരോളി

മുസ്ലിം
ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിക്കാൻ പോകുന്ന ചാനലത്രെ ഐ.ബി.സി.
ഐബിസിയെപ്പറ്റി ‘വർത്തമാനത്തിൽ’ വന്ന ഒരു വാർത്തയിൽ അവരുടെ മാനേജ്മെന്റിനെ
സംബന്ധിച്ച പ്രസക്ത ഭാഗങ്ങൾ:





 “മുസ്ലിം
ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് ചാനലിന്റെ ചെയർമാൻ. കേരള
ഇ മീഡിയ ഡവലപ്മെന്റ് ആന്റ് സർവീസസ് (കെഡ്സ്) ആണ് ചാനൽ ഐബിസിയുടെ
പ്രമോട്ടർ. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് സൈഫുദ്ദീൻ മാനേജിംഗ് ഡയറക്ടറും
ഇദ്ദേഹത്തിന്റെ സഹോദരൻ കുഞ്ഞിഖാദർ വൈസ് ചെയർമാനുമായി പ്രവർത്തിക്കും.
മാധ്യമം ദിനപ്പത്രത്തിന്റെ ഐടി വിഭാഗം മേധാവിയും ദുബൈയിൽ ഇലക്ട്രോണിക്സ്
എഞ്ചിനീയറുമായിരുന്ന റെനു കുരുവിളയാണ് ജനറൽ മാനേജർ.
മുസ്ലിം
ലീഗിന്റെ ചാനൽ ആയിരിക്കെത്തന്നെ ലീഗിന്റേത് മാത്രമായ ചാനൽ ആകാതിരിക്കാനാണ്
ഐബിസി ശ്രമിക്കുന്നത്. വ്യക്തി താൽപര്യങ്ങളോ സംഘടനാ താൽപര്യങ്ങളോ മുഴച്ചു
നിൽക്കാത്ത ചാനലായിരിക്കും ഇത്. മാനേജിംഗ് ഡയറക്ടർ, വൈസ് ചെയർമാൻ, ജനറൽ
മാനേജർ, എക്സിക്യൂട്ടിവ് എഡിറ്റർ എന്നിവരടങ്ങുന്ന നാലംഗ കോർ കമ്മിറ്റിയാണ്
ചാനലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.”
എക്സിക്യൂട്ടീവ്
എഡിറ്റർ ഗോപീകൃഷ്ണന്റെ പ്രസ്താവന: ”മലയാളത്തിൽ പുതിയ വാർത്താ ട്രെന്റ്
സൃഷ്ടിച്ചത് ഇന്ത്യാവിഷനാണ്. ഇപ്പോഴും അവർ ആ ചട്ടക്കുടിനുള്ളിൽ ഒതുങ്ങി
നിൽക്കുകയാണ്. നേരത്തെ നികേഷ് കുമാർ ഉണ്ടായിരുന്ന സമയത്തും പുതിയ പ്രോഗ്രാം
പ്രൊപ്പോസലുകൾ മുന്നോട്ട് വെക്കുമ്പോൾ അദ്ദേഹം അത്
അംഗീകരിച്ചിരുന്നുവെങ്കിലും നടപ്പാക്കാൻ കഴിയാതെ നിസഹായനായി നിൽക്കുന്നത്
ഞാൻ കണ്ടിട്ടുണ്ട്. മുസ്ലിം ലീഗ് ഉയർത്തുന്ന മതേതര നിലപാടുകളാണ് ചാനൽ
ഐബിസിയും പിന്തുടരുന്നത്. കോർ കമ്മിറ്റിയിൽ തന്നെ ഈ നയം പ്രകടമാണ്.
മാനേജിംഗ്
ഡയറക്ടർ മുസ്ലിം സമുദായത്തിൽ നിന്നും ജനറൽ മാനേജർ ക്രൈസ്തവ വിശ്വാസിയും
എക്സിക്യൂട്ടീവ് എഡിറ്റർ ഹിന്ദുവുമായ ഏക ചാനലും ഐബി സി മാത്രമാണ്.
ചാനലിന്റെ പ്രവർത്തനത്തിലും വീക്ഷണങ്ങളിലും ഈ മതേതര സ്വഭാവം നില നിർത്തും.
ലീഗ് നേതൃത്വത്തിനും മാനേജ്മെന്റിനുമെതിരെ ഗൂഡാലോചന നടത്തി കുപ്രചാരണങ്ങൾ
പടച്ചു വിടുന്നവർക്കുള്ള മറുപടിയായിരിക്കും ചാനൽ ഐബിസി. യാതൊരുവിധ
ആശങ്കകളുമില്ലാതെയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ.”
ഐബിസിയിലൂടെ
മുസ്ലിം ലീഗ് മതേതരത്വത്തിന്റെ കാര്യത്തിൽ നൂറിൽ നൂറ് മാർക്കും
കടന്നിരിക്കുകയാണ്, പ്രത്യേകിച്ച് ഇന്ത്യാ വിഷന്റെ കാര്യത്തിലുണ്ടായ
അനുഭവത്തിന്റെ പശ്ചാത്തലത്തിൽ. മറ്റൊരു പ്രമുഖ ലീഗുകാരനായ എം കെ മുനീറിന്റെ
കാർമ്മികത്വത്തിൽ ആരംഭിച്ചണല്ലോ ഇന്ത്യാവിഷൻ. ഇതിന് പുറകിലെ
“വിഷനെ”പ്പറ്റി മുനീർ തന്നെ മാതൃഭൂമി വാരികയിൽ പറയുന്നു:
സുഭാഷ്
ചന്ദ്രയുടെ ഉപഗ്രഹ വിക്ഷേപണ വാർത്തയുടെ ചൂടിൽ ആവേശഭരിതരായി ഒരു നാൾ ഞങ്ങൾ
ഇരുവരും തിരുവനന്തപുരത്ത് കെ എസ് ഐ ഡി സി യിലെത്തി. അമിതാഭ്കാന്താണ് അന്ന്
എംഡി. എന്തെങ്കിലും സാമ്പത്തിക സഹായം ഒപ്പിക്കുകയാണ് യാത്രാ ലക്ഷ്യം.
ഉപഗ്രഹ വിക്ഷേപണ സ്വപ്നം കേട്ടതും അദ്ദേഹം അൽപ നേരം ചിന്തിച്ചിരുന്നു.
പിന്നെയൊരു ചോദ്യം.
‘മുനീർ, കൈയിൽ എത്ര കാശുണ്ട്?
ഞാൻ കീശയിൽ തപ്പി.
നൂറ്റി എഴുപത്തഞ്ചു രൂപ‘.
അദ്ദേഹം ദീർഘമായി ചിരിച്ചു.
ആദ്യം നാട്ടിൽ ഒരു പ്രാദേശിക കേബിൾ ചാനൽ നടത്തി ആ രംഗത്ത് പരിചയമുണ്ടാക്കൂ
സ്നേഹപൂർവ്വമുള്ള ഉപദേശം. സൗമ്യതയോടെ അദ്ദേഹം തുടർന്നു.
‘അതിന് പിറകെ ഒരു ഉപഗ്രഹ ചാനൽ തുടങ്ങാം. എന്നിട്ടാകാം സാറ്റലൈറ്റ് വിക്ഷേപണത്തെക്കുറിച്ചുള്ള ചിന്ത‘.
ഇത്
വെളിപ്പെടുത്താനുള്ള മുനീറിന്റെ സത്യസന്ധത സമ്മതിക്കേണ്ടതുണ്ട്. അതേ സമയം
മുനീറിന്റെ ഇത് പോലത്തെ “ദീർഘ വീക്ഷണ”വും “പ്രായോഗിക ബുദ്ധിയു”മാണ് ചാനലിനെ
ഇന്നത്തെ “അസൂയാർഹമായ” അവസ്ഥയിലെത്തിച്ചതെന്ന് വ്യക്തമാകുന്നുണ്ട്.
ലീഗ്
നേതാവ് എന്നും സി എച്ചിന്റെ മകൻ എന്നുമുള്ള തന്റെ മേൽവിലാസമുപയോഗിച്ച്
ചാനലിന് വേണ്ടി പണം പിരിക്കുമ്പോൾ ഷെയറെടുത്ത പാവങ്ങൾ സമുദായത്തെ
പ്രതിനിധീകരിക്കുന്ന ഒരു  ചാനലായിരിക്കും സ്വപ്നം കണ്ടതെന്നുറപ്പാണ്. പക്ഷേ
ലീഗ് നേതാക്കളുടെ തമ്മിലടിക്കും താൻപോരിമയ്ക്കും പകപോക്കലിനുമെല്ലാം
മുമ്പിൽ ഈ സ്വപ്നങ്ങളെല്ലാം പകൽക്കിനാവായി മാറിയത് സ്വാഭാവികം മാത്രം.
സമുദായത്തെ
പ്രതിനിധീകരിക്കുന്നത് പോട്ടെ, ആദർശപരമായും രാഷ്ട്രീയമായും മുസ്ലിം
ലീഗിന്റെ എതിർചേരിയിലുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു നേതാവിന്റെ
മകനെത്തന്നെ ചാനലിന്റെ നായകത്വം ഏൽപ്പിച്ചത് മുനീർ ഒന്നും കാണാതെ
ആവില്ലെന്നുറപ്പാണ്. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മുഖത്ത് കരി
വാരിത്തേച്ച് കൊണ്ട് റജീനാ എപ്പിസോഡ് ആദ്യം പുറത്ത് കൊണ്ട് വന്നത് ഇന്ത്യാ
വിഷനായിരുന്നുവെങ്കിലും അത് അവസാനം അറിഞ്ഞത് മുനീറായിരുന്നു. ഈയടുത്ത്
ഇലക്ഷന്റെ തലേന്ന് റഊഫിന്റെ വെളിപ്പെടുത്തൽ ഇന്ത്യാ വിഷൻ ആദ്യം പുറത്ത്
കൊണ്ടു വന്നപ്പോഴും പാവം മുനീർ മാത്രം ഒന്നും അറിഞ്ഞിരുന്നില്ല. (എങ്കിലും
മുസ്ലിം ലീഗ് അംഗത്വം രാജി വെക്കേണ്ടി വന്നാലും ചാനലിന്റെ ചെയർമാൻ സ്ഥാനം
രാജി വെക്കില്ലെന്നത് വേറെ കാര്യം. വിട്ട് പിടി മോനേ!)
മുസ്ലിം
ലീഗ് നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് ജനറൽ സെക്രട്ടറിക്കെതിരെ ശക്തമായ
ആരോപണങ്ങളുമായി വന്ന ഇന്ത്യാ വിഷന് ബദലായിരിക്കും ഐ ബി സി യെന്നും
പ്രചാരണമുണ്ട് (മേൽ പ്രസ്താവനയിൽ നിന്ന് അത് വ്യക്തമാകുന്നുണ്ട്).
മരുഭൂമിയിൽ ചോര നീരാക്കിയുണ്ടാക്കുന്ന പണം വരെ സമുദായത്തിന്റെ പേര് പറഞ്ഞ്
ഇരന്ന് വാങ്ങുന്നത് ലീഗ് നേതാക്കളുടെ ചാനൽ യുദ്ധത്തിനുള്ള ഉപാധിക്ക്
വേണ്ടിയാണോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം.
മറ്റൊരു
കാര്യം, ഇനി ഇന്ത്യാ വിഷൻ പൂട്ടിയാലും അതിന്റെ അണിയറപ്രവർത്തകർക്ക്
ചേക്കേറാൻ വേറെ സ്ഥലം നോക്കേണ്ടി വരില്ലെന്ന് തോന്നുന്നു. കാരണം ഐ ബി സി
യുടെ തലപ്പത്ത് തന്നെ ഇന്ത്യാ വിഷനിൽ സ്ഥിരം പ്രത്യക്ഷപ്പെട്ടിരുന്ന ഒരു
തിരുമുഖമാണുള്ളത്. (ഇതൊരു പക്ഷേ ഇന്ത്യാ വിഷന് മറുവിഷമായിട്ടായിരിക്കാം.)
ഇവിടെ
ചില ആശങ്കകൾ ഉയരുന്നുണ്ട്. കേരള മുസ്ലിം രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ്
വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെ കുറച്ച് കാണുന്നില്ല. സമുദായത്തിൽ പിടി
മുറുക്കാൻ ശ്രമിക്കുന്ന മതരാഷ്ട്രവാദികൾക്കും തീവ്രവാദികൾക്കും
നിരീശ്വരപ്രസ്ഥാനക്കാർക്കുമെല്ലാം ശക്തമായ ഒരു മതേതര ബദലായി മുസ്ലിം ലീഗ്
വർത്തിക്കുന്നുണ്ട്. എന്നാൽ തങ്ങൾ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ
നിയമാനുസൃത താൽപര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത തങ്ങൾക്കുണ്ടെന്നും അങ്ങനെ
ചെയ്യുന്നത് മതേതരത്വത്തിനെതിരല്ലെന്നും ലീഗ് തിരിച്ചറിയേണ്ടതുണ്ട്. വോട്ട്
ചോദിക്കാൻ നേരത്ത് മാത്രം സമുദായവും അല്ലാത്തപ്പോൾ മാത്രം
‘മതേതരത്വ’വുമെന്നത് യഥാർത്ഥ മതേതരത്വമല്ല, മറിച്ച് അവസരവാദവും
കാപട്യവുമാണെന്ന് പറയേണ്ടി വരും.
പുതിയ
ചാനൽ തുടങ്ങുന്നത് സ്വാഗതാർഹം തന്നെ. പക്ഷെ കേരളത്തിലെ മുസ്ലിങ്ങളുടെ
മാധ്യമ രംഗത്തെ പ്രാതിനിധ്യം വളരെ ശോചനീയമാണ് എന്നതാണ് പ്രാഥമികമായി
പരിഗണിക്കേണ്ടത്. സമുദായത്തെയും അതിന്റെ ആദർശങ്ങളെയും പൊതുവായി
പ്രതിനിധീകരിക്കുന്ന പത്രമോ ചാനലോ ഇല്ലെന്ന് തന്നെ പറയാം. ഒരു ചാനൽ യുദ്ധം
നടത്താൻ പ്രാപ്തിയുള്ള പ്രഫഷനലുകളെ ഉടനെ സമുദായത്തിൽ നിന്ന് കിട്ടാനും
സാധ്യതയില്ല. അതിനാൽ ദീർഘവീക്ഷണത്തോടെ കൂടുതൽ മുസ്ലിം മാധ്യമ
പ്രവർത്തകരെയും സാങ്കേതിക വിദഗ്ദ്ധരെയും, മാനേജ്മെന്റ് പ്രഫഷനലുകളേയും
വാർത്തെടുക്കാനും കൂടുതൽ സാമുദായിക പരിപ്രേക്ഷ്യമുള്ള മാധ്യമ സംസ്ക്കാരം
കൊണ്ട് വരാനും അത് വഴി കൂടുതൽ കരുത്തുറ്റ ഒരു മുസ്ലിം മധ്യ വർഗ്ഗത്തെ
കെട്ടിപ്പടുക്കാനും ഈ അവസരം വിനിയോഗിക്കുകയാണ് ലീഗ് ചെയ്യേണ്ടത്.
സമുദായത്തിന്റെ ചോരയും നീരും ഊറ്റിയുണ്ടാകുന്ന സംരംഭങ്ങൾ ലീഗ്  നേതാക്കളുടെ
ചേരിപ്പോരിനും മുനീർ-ചേളാരിമാരുടെ വിഴുപ്പലക്കലിനുമുള്ള വേദി
മാത്രമായിക്കൂട.



No comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More