
ഇന്ത്യാവിഷന്‍റെ ചെയര്‍മാന്‍ സ്ഥാനവും ഓഹരികളുമുപേക്ഷിച്ച് ചാനലുമായുള്ള മുഴുവന്‍ ബന്ധവുമുപേക്ഷിച്ചാല്‍ മാത്രമേ എം കെ മുനീറിനെ മന്ത്രിയാക്കാനാവൂ എന്ന് ലീഗ്. പാര്‍ട്ടിയുടെ നിര്‍ദ്ദേശിച്ചതനുസരിച്ച് മുനീറിന്‍റെ ഓഹരിമുഴുവന്‍ മഞ്ഞളാംകുഴി എം എല്‍ എ വാങ്ങും എന്നതാണ് ലീഗ് നേതൃത്വം മുന്നോട്ടവെയ്ക്കുന്ന പരിഹാരം. അതോടെ ചാനലിന്‍റെ നിയന്ത്രണം പാര്‍ട്ടിയിലേക്ക് വന്നുചേരും എന്നും ലീഗ് നേതൃത്വം കണക്കുകൂട്ടുന്നു. മുനീറിന്‍റെ രാഷ്ട്രീയഭാവിയെയും ഇന്ത്യാവിഷന്‍ ചാനലിന്‍റെ നിലനില്‍പിനെയും അനിശ്ചിതത്വത്തിലാക്കിക്കൊണ്ടാണ് ലീഗിലെ ചേരിതിരിവ് വളരുന്നത്.
ഇന്ത്യാവിഷന്‍റെ ഓഹരികള്‍ വാങ്ങണമെന്ന ലീഗ് നേതൃത്വത്തിന്‍റെ ആവശ്യം മഞ്ഞളാംകുഴി അലി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കടുത്ത നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. എന്നാല്‍ ഓഹരികള്‍ കൈമാറണമെന്ന ആവശ്യത്തോട് മുനീറിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും യോജിപ്പില്ല. ലീഗ് നേതൃത്വം ഇത് സംബന്ധിച്ച് നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഇന്നലെ രാത്രി വൈകി നടത്തിയ കൂടിയാലോചനകളിലും പ്രശ്നം പരിഹരിക്കാനായില്ല.
ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്ന ലീഗ് പട്ടികയും അനിശ്ചിതമായി വൈകുകയാണ്. നാളെ തിരുവനന്തപുരത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ പാര്‍ട്ടി പറയുന്നത്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററികാര്യ മന്ത്രി തുടങ്ങിയ പദവികള്‍ ആര്‍ക്കെന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്തതുകൊണ്ടാണ് മുസലീം ലീഗ് മന്ത്രിമാരുടെ പ്രഖ്യാപനം വൈകുന്നതെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുളള ലീഗ് നേതാക്കള്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തേക്ക് തിരിക്കും. മുഖ്യന്ത്രി, കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ എന്നിവരുമായി നേതാക്കള്‍ കൂടികാഴ്ച്ച നടത്തും, അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ത്യാവിഷന്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമാകാതെ മുനീറിനെ മന്ത്രിയാക്കില്ല എന്ന ഉറച്ച നിലപാടിലാണ് കുഞ്ഞാലിക്കുട്ടി വിഭാഗം. അതുകൊണ്ടുതന്നെ മുനീറില്ലാതെ ലീഗ് മന്ത്രിമാരുടെ ലിസ്റ്റ് പ്രഖ്യാപിക്കാനാണ് സാധ്യത.
കുഞ്ഞാലിക്കുട്ടിക്കെതിരെ അദ്ദേഹത്തിന്‍റെ മുന്‍ സഹായി റൌഫുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നാണ് ഇന്ത്യാവിഷനെതിരെയുള്ള കുഞ്ഞാലിക്കുട്ടി പക്ഷത്തിന്‍റെ കുറ്റാരോപണം. കുഞ്ഞാലിക്കുട്ടിക്കെതിരെ നിരന്തരമായി ചാനല്‍ ആക്രമണം നടത്തിയപ്പോഴൊക്കെ അതിനെ തടയാന്‍ മുനീര്‍ തയ്യാറായില്ല തുടങ്ങിയവയാണ് ആരോപണങ്ങള്‍. ചാനലിന്‍റെ വാര്‍ത്തയിലോ നയങ്ങളിലോ ഇടപെടാറില്ലെന്നും സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തില്‍ കൈകടത്തേണ്ടതില്ലെന്നുമുള്ള ഉറച്ച നിലപാടാണ് അപ്പോഴൊക്കെ എം കെ മുനീര്‍ പരസ്യമായി എടുത്തിട്ടുള്ളത്.
റൌഫിന്‍റെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി മുനീറിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. പാര്‍ട്ടി പറഞ്ഞിട്ടും മുനീര്‍ അനുസരിച്ചില്ല എന്ന് കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിന്‍റെ അഭിമുഖപരിപാടിയില്‍ തുറന്നുപറഞ്ഞിരുന്നു. പിന്നീട് ഈ പരസ്യവിമര്‍ശനങ്ങള്‍ വിഴുങ്ങിയെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് മുനീറിനോടുള്ള വിരോധം ഒളിഞ്ഞും തെളിഞ്ഞും പുറത്തുവന്നുകൊണ്ടിരുന്നു. വിജയസാധ്യത തീരെ കുറഞ്ഞ കോഴിക്കോട് സൌത്തില്‍ മുനീറിനെ മത്സരിക്കാന്‍ പറഞ്ഞയച്ചതിന് പിന്നിലും കുഞ്ഞാലിക്കുട്ടിയുടെ ശത്രുതാമനോഭാവം ഒളിഞ്ഞിരുക്കുന്നുവെന്ന് മുനീറിനോട് അടുത്ത വൃത്തങ്ങള്‍ അന്നേ മനസ്സിലാക്കിയിരുന്നു. മുനീറിന് വേണ്ടിയുള്ള പ്രചരണത്തിലും മുസ്‌ലീം ലീഗിന്‍റെ ഔദ്യോഗിക സംവിധാനം തണുപ്പന്‍ മനോഭാവമാണ് പുലര്‍ത്തിയിരുന്നത്. കുറഞ്ഞ ഭൂരിപക്ഷത്തിന് മുനീര്‍ കടന്നുകൂടിയെങ്കിലും പിന്നെയും അദ്ദേഹത്തെ വേട്ടയാടാനുള്ള ശ്രമമാണ് പാര്‍ട്ടിയില്‍ പൂര്‍വ്വാധികം ശക്തനായ കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്നാണ് മുനീറിനോട് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്പ് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പീഢിപ്പിക്കപ്പെട്ട റെജീനയുടെ വെളിപ്പെടുത്തല്‍ ആദ്യമായി സംപ്രേഷണം ചെയ്തത് ഇന്ത്യാവിഷന്‍ ആയിരുന്നു. അന്ന് ഇന്ത്യാവിഷനെതിരെ ലീഗ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരുന്നത്. കോഴിക്കോട് ഇന്ത്യാവിഷന്‍റെ ഓഫീസിനുനേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. റെജീനയുടെ ആരോപണം വരുന്പോള്‍ കുഞ്ഞാലിക്കുട്ടി മെക്കയില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചുവന്ന നേതാവിനെ വിമാനത്താവളത്തില്‍ പോയി സ്വീകരിക്കാന്‍ ലീഗ് നേതൃത്വം മുനീറിനെ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയക്കുകയായിരുന്നു. ലീഗ് അനുഭാവികള്‍ അന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ ദേശീയപതാക വലിച്ചിറക്കി അവിടെ ലീഗിന്‍റെ പച്ചക്കൊടി നാട്ടി. ഇന്ത്യാവിഷന്‍റെ ലേഖകന്‍ എം പി ബഷീര്‍, ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലേഖിക വി എം ദീപ എന്നിവരടക്കം പത്രപ്രവര്‍ത്തകരെ ലീഗുകാര്‍ തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചു. അന്ന് എം കെ മുനീറിനെയും കുഞ്ഞാലിക്കുട്ടി അനുഭാവികള്‍ കൈകാര്യം ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തനിക്ക് മര്‍ദ്ദനമേറ്റുവെന്നത് മുനീര്‍ പിന്നീട് നിഷേധിച്ചു.
ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് റൌഫിന്‍റെ വെളിപ്പെടുത്തലുകള്‍ വന്നതിന് ശേഷവും ലീഗ് പ്രവര്‍ത്തകര്‍ ഇന്ത്യാവിഷന് നേരെ തിരിഞ്ഞിരുന്നു. ലീഗിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഇടങ്ങളിലെല്ലാം അസഭ്യവര്‍ഷവും ഭീഷണിയുമാണ് അവരുടെ വാര്‍ത്താസംഘങ്ങളെ എതിരേറ്റത്. എറണാകുളത്ത് ലീഗ് എം എല്‍ എ ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടില്‍ വെച്ച് ക്യാമറാമാന്‍ ഷാജിയെ ലീഗ് പ്രവര്‍ത്തകര്‍ കൊടുംമര്‍ദ്ദനത്തിന് ഇരയാക്കി. കോഴിക്കോട് മുക്കത്ത് ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ സുഭാഷിനെ ലീഗ് പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് തല്ലി.
തന്നെ ചില മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന വിരല്‍ ചൂണ്ടിയത് ഇന്ത്യാവിഷനെത്തന്നെയായിരുന്നു.
റോഡ്നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന കാരണം മുന്‍നിര്‍ത്തി മുനീറിനെതിരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനാണ് എതിരാളികള്‍ ആദ്യമുതല്‍ക്കു തന്നെ ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അടക്കം കുറ്റാരോപിതരുടെയും വിജിലന്‍സ് അന്വേഷണം നേരിടുന്നവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെ ഈ ആരോപണത്തിന് പ്രസക്തിയില്ലാതായി. മാത്രവുമല്ല, ഐസ്ക്രീംപാര്‍ലര്‍ കേസ് തേച്ചുമാച്ച് കളയാന്‍ കുഞ്ഞാലിക്കുട്ടിയും റൌഫും ചേര്‍ന്ന് നടത്തിയ ഇടപെടലുകളെപ്പറ്റി പൊതുജനങ്ങള്‍ക്ക് നല്ല ബോധ്യവുമുണ്ട്. അതുകൊണ്ട് ഇന്ത്യാവിഷന്‍റെ നിയന്ത്രണം തന്നെയാണ് ഇപ്പോഴും മുനീറിനെതിരെയുള്ള തുറുപ്പുചീട്ട്.
എന്തായാലും മുനീറിനെ
സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ട് ഇന്ത്യാവിഷന്‍റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗിന്‍റെ ശ്രമം. അതിനിടെ കുഞ്ഞാലിക്കുട്ടിയുടെ കാര്‍മ്മികത്വത്തില്‍ കോഴിക്കോട്ടുനിന്ന് ഒരു ടെലിവിഷന്‍ ചാനലിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. ചാനല്‍ ഐ ബി സി എന്ന് പേരിട്ടിരിക്കുന്ന പുതിയ സംരംഭം ലീഗിന്‍റെ ഔദ്യഗിക വാര്‍ത്താ ചാനലായിരിക്കും എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകളും ഉടമസ്ഥതയും അഴിമതി രാഷ്ട്രീയ വിലപേശലുകളും കേരളത്തിന്‍റെ അധികാരരാഷ്ട്രീയത്തില്‍ നിര്‍ണായകമാവുകയാണ്.